എൻജിനീയറിങ് ക്ലാസിലെ ഏക പെൺകുട്ടി, സംഗീതത്തെ പ്രണയിച്ച വൈമാനിക; കൽപ്പന ചൗള വിടവാങ്ങിയിട്ട് 21 വർഷങ്ങൾ
Mail This Article
കോട്ടയം∙ ബഹിരകാശ സഞ്ചാരിയായ ഇന്ത്യൻ വംശജ കല്‍പന ചൗള വിടവാങ്ങിയിട്ട് ഇന്ന് 21 വർഷങ്ങൾ പൂർത്തിയാകുന്നു. ചെറുപ്രായത്തിൽ തന്നെ വിമാന യാത്ര നടത്താൻ കല്‍പ്പന ചൗള ഇഷ്ടപ്പെട്ടിരുന്നു. പിതാവിനൊപ്പം പതിവായി പ്രാദേശിക ഫ്ളയിങ് ക്ലബ്ബുകള്‍ സന്ദര്‍ശിച്ചിരുന്ന കൽപ്പനയുടെ ജീവിതം ഒരു പോരാട്ടത്തിന്‍റെ കഥയാണ്.
1962 മാര്‍ച്ച് 17 ന് ഹരിയാനയിലെ കർണാലില്‍ ജനിച്ച കൽപ്പന പഞ്ചാബ് എൻജിനീയറിങ് കോളേജില്‍ എയറോനോട്ടിക്കല്‍ എൻജിനീയറിങ് പഠിച്ച ആദ്യ വനിതയാണ്. ആൺകുട്ടികൾക്ക് മാത്രം അഡ്മിഷൻ നൽകിയിരുന്ന കോഴ്സിൽ പഠനത്തിന് ചേരാൻ കൽപ്പനയ്ക്ക് അൽപ്പം പ്രായസപ്പെടേണ്ടി വന്നു. ബിരുദാനന്തര ബിരുദമെന്ന സ്വപ്നവുമായി അമേരിക്കയിലേക്ക് പറന്ന കൽപ്പന രണ്ടാം ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷം 1988 ലാണ് നാസയിൽ ചേർന്നത്. യുഎസ് പൗരത്വം നേടിയ കൽപ്പന ചൗളയ്ക്ക് ആത്മീയത കലര്‍ന്ന സംഗീതമായിരുന്നു ഇഷ്ടം. രവി ശങ്കറിന്റെ സിത്താര്‍ ഈണങ്ങളോടും സവിശേഷ ഇഷ്ടം പുലർത്തിയ കൽപ്പന ചൗള സസ്യാഹാരിയായിരുന്നു.പക്ഷിനിരീക്ഷണം കൽപ്പനയുടെ വിനോദമായിരുന്നു. കൽപ്പന വിമാനം പറത്തുന്നതിൽ പ്രത്യേക മികവ് പുലർത്തി. നിരന്തരമായി അറിവ് വർധിപ്പിക്കണമെന്ന ആഗ്രഹം കൽപ്പനയെ പുസ്തകങ്ങളോട് കൂട്ടുകൂടാൻ പ്രേരിപ്പിച്ചിരുന്നു.
1997-ല്‍ കൊളംബിയ സ്പേസ് ഷട്ടിലിലെ യാത്രയിലൂടെ കൽപ്പന ചൗള ആദ്യമായി ബഹിരാകാശ യാത്ര നടത്തി. മിഷന്‍ സ്‌പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററായുമായി പ്രവർത്തിച്ച കൽപ്പന പിന്നീട് ഇതിനെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളുമായി സംസാരിച്ചിട്ടുണ്ട്. ആദ്യ ബഹിരാകാശ യാത്രയിലെ മികവിനെ തുടർന്ന് രണ്ടാം തവണയും ബഹിരാകാശ സഞ്ചാരത്തിന് കൽപ്പനയ്ക്ക് അവസരം ലഭിച്ചു. നാസയുടെ കൊളംബിയ സ്പേസ് ഷട്ടിലിലെ എസ്ടിഎസ് 107ലായിരുന്നു പേടകത്തിലായിരുന്നു യാത്ര. തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുന്നതിനിടെ പേടകം പൊട്ടിത്തെറിച്ചു. ഈ അപകടത്തിൽ കൽപന ചൗള ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. ചലഞ്ചർ പേടകത്തിന് സമാനമായി ഏഴ് ബഹരികാശ യാത്രക്കാരുടെ ജീവൻ പൊലിഞ്ഞ വേദനയുള്ള ഓർമ്മയായി കൊളംബിയയും മാറി.