എച്ച്1 ബി വീസ നടപടി ക്രമത്തിൽ മാറ്റം; ഒരാളിൽ നിന്ന് ഒരു അപേക്ഷ മാത്രം
Mail This Article
വാഷിങ്ടൻ ∙ യുഎസ് കമ്പനികൾക്ക് സാങ്കേതിക ജ്ഞാനമുള്ള വിദേശ പ്രഫഷനലുകളെ ജോലിക്കെടുക്കാൻ സഹായിക്കുന്ന എച്ച്1 ബി വീസ വാർഷിക നറുക്കെടുപ്പ് സംവിധാനം സർക്കാർ പരിഷ്കരിച്ചു. ഇതനുസരിച്ച് ഒരാൾ വിവിധ കമ്പനികളിലൂടെ ഒന്നിലേറെ അപേക്ഷ നൽകിയാലും ഒന്നായേ പരിഗണിക്കൂ. തൊഴിൽ ദാതാക്കൾ ഇനി ഗുണഭോക്താവിനെ കേന്ദ്രീകരിച്ചുള്ള റജിസ്ട്രേഷനും തിരഞ്ഞെടുപ്പും നടത്തണം.
ഓരോ ഗുണഭോക്താവിന്റെയും റജിസ്ട്രേഷനിൽ അയാളുടെ പാസ്പോർട്ട് നമ്പറും യാത്രാരേഖയും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നിലേറെ റജിസ്ട്രേഷനും തട്ടിപ്പും തടയുന്നതിനാണിതെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. ഓരോ അപേക്ഷനും വീസ ലഭിക്കുന്നതിനുള്ള സാധ്യത നീതിപൂർവമാകുകയും ചെയ്യും. റജിസ്ട്രേഷൻ, സിലക്‌ഷൻ പ്രക്രിയ പൂർണമായും ഇലക്ട്രോണിക് ആകും. 2025 സാമ്പത്തിക വർഷത്തേക്കുള്ള (2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ) പ്രാഥമിക റജിസ്ട്രേഷൻ മാർച്ച് 6ന് ആരംഭിച്ച് 22ന് അവസാനിക്കും. കമ്പനികൾക്ക് റജിസ്ട്രേഷൻ പ്രക്രിയയ്ക്കുള്ള അക്കൗണ്ടുകൾ ഈ മാസം 28 മുതൽ ആരംഭിക്കാം. കഴിഞ്ഞ വർഷം 85,000 വീസയ്ക്കായി ഏഴര ലക്ഷം പേർ റജിസ്റ്റർ ചെയ്തിരുന്നു.
എച്ച്–1ബി വീസ യുഎസിൽ തന്നെ പുതുക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്കും തുടക്കമായി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ കഴിഞ്ഞ വർഷം ജൂണിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇതിനുള്ള അപേക്ഷകൾ കഴിഞ്ഞ മാസം 29 മുതൽ സ്വീകരിച്ചു തുടങ്ങി. ഏപ്രിൽ 1 വരെയോ ആവശ്യമായ അപേക്ഷ ലഭിക്കും വരെയോ തുടരും. ഓരോ ആഴ്ചയും 4000 അപേക്ഷകൾ അനുവദിക്കും. ആദ്യ അപേക്ഷകർക്ക് ആദ്യം എന്ന ക്രമത്തിലാകും ഇവ പരിഗണിക്കുക.