പൗരന്മാരോട് ജമൈക്കൻ സന്ദർശനം കഴിവതും ഒഴിവാക്കാൻ നിർദേശിച്ച് യുഎസ്
Mail This Article
വാഷിങ്ടൻ ∙ ജമൈക്കൻ സന്ദർശനത്തിന് ലക്ഷ്യമിടുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. നേരത്തെ സമാനമായ മുന്നറിയിപ്പ് ബഹാമസിലേക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് നൽകിയിരുന്നു. വീടുകയറി ആക്രമണം, സായുധ കവർച്ച, ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ജമൈക്ക വർധിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ജമൈക്ക സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കുക. റിസോർട്ടുകളിൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. ക്രിമിനൽ സംഭവങ്ങളോട് ലോക്കൽ പൊലീസ് പലപ്പോഴും ഫലപ്രദമായി പ്രതികരിക്കുന്നില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
അപൂർവമായി മാത്രമാണ് ഇത്തരം സംഭവങ്ങളിൽ പ്രതികൾ ശിക്ഷക്കപ്പെടുന്നത്. ജമൈക്കയിൽ അപകടങ്ങളിലോ കൊലപാതകങ്ങളിലോ കൊല്ലപ്പെട്ട യുഎസ് പൗരന്മാരുടെ കുടുംബങ്ങൾക്ക് ജമൈക്കൻ അധികൃതരിൽ മരണ സർട്ടിഫിക്കറ്റ് ഒരു വർഷമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ആശുപത്രികളിലെ പരിചരണവും ആംബുലൻസ് സേവനങ്ങളും ജമൈക്കയിൽ പരിതാപകരമാണ്. ജമൈക്കയിൽ യാത്ര നടത്തുന്ന യുഎസ് പൗരന്മാർ കഴിവതും മെഡിക്കൽ ഇവാക്വേഷൻ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ട്രാവലേഴ്സ് ഇൻഷുറൻസ് എടുക്കണമെന്നും സർക്കാർ നിർദേശിച്ചു