യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം
Mail This Article
ന്യൂയോർക്ക് ∙ യുഎസിലെ ഒഹായോയിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. സിൻസിനാറ്റിയിലെ ലിൻഡർ സ്കൂൾ ഓഫ് ബിസിനസിൽ പഠിക്കുന്ന ശ്രേയസ് റെഡ്ഡി ബെനിഗെരി ആണു കൊല്ലപ്പെട്ടത്. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വിസമ്മതിച്ചു.
ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. പർജു യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി നീൽ ആചാര്യ ദുരൂഹസാഹചര്യത്തിൽ മരിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ സംഭവം. കഴിഞ്ഞമാസം ഇലിനോയിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി അകുൽ ബി. ധവാനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനുമുൻപ് ജോർജിയയിൽ വിവേക്സ സൈനി എന്ന ഇന്ത്യൻ വിദ്യാർഥി ആക്രമണത്തിനിരയായി.
വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികൾ
2018 മുതൽ ഇതുവരെ വിവിധ കാരണങ്ങളാൽ 403 ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് മരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ മരിച്ചത് കാനഡയിലാണ്–91. രണ്ടാമത് യുകെ–48. റഷ്യ–40, യുഎസ്–36, ഓസ്ട്രേലിയ–35, യുക്രെയ്ൻ–21, ജർമനി–20, സൈപ്രസ്–14, ഫിലിപ്പീൻസ്–10, ഇറ്റലി–10, ഖത്തർ–9, ചൈന–9, കിർഗിസ്ഥാൻ–9 എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലുണ്ടായ മരണങ്ങൾ എന്നും മന്ത്രി അറിയിച്ചു.