സൗത്ത് കാരോലൈനയിലെ പ്രൈമറി വിജയം നെവാഡയിലും തുടരാൻ ബൈഡൻ
Mail This Article
നെവാഡ ∙ സൗത്ത് കാരോലൈനയിലെ പ്രൈമറി വിജയത്തിന് ശേഷം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അടുത്ത് ഡെമോക്രറ്റിക് പ്രൈമറി നടക്കുന്ന നെവാഡയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാർട്ടി ആദ്യ പ്രൈമറി സൗത്ത് കാരോലൈനയിൽ തന്നെ നടത്തണമെന്ന ബൈഡന്‍റെ നിർബന്ധം ഉദ്ദേശിച്ച ഫലം കണ്ടതിൽ ബൈഡനും പാർട്ടിയും തൃപ്തർ ആണ്.
2020യിൽ നടന്ന പ്രൈമറിയിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ 3% ഇൽ കുറവ് വോട്ട് കൂടുതൽ നേടിയാണ് ബൈഡൻ ജയിച്ചത്. 2008 നു ശേഷം ഡെമോക്രറ്റിക് ആയി ആണ് സംസ്ഥാനം അറിയപ്പെടുന്നത്. ഡിസംബറിൽ ബൈഡൻ നെവാഡ സന്ദർശിക്കുകയും എട്ടു ബില്യൻ ഡോളറിന്‍റെ ദേശവ്യാപകമായി നടത്തുന്ന റെയിൽ പ്രോജക്ടുകളുടെ കൂടുതൽ പ്രയോജനം നെവാഡാക്ക് ലഭിക്കുമെന്ന് പറയുകയും ചെയ്തു. ഇതെല്ലാം ബൈഡനു അനുകൂലമായ മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ന്യൂയോർക്ക് ടൈംസ് സിയന്നാ അഭിപ്രായ സർവേയിൽ നെവാഡയിൽ ബൈഡന്‍റെ അപ്പ്രൂവൽ റേറ്റിങ് 36 % ആണെന്ന് പറഞ്ഞത് ആശങ്ക ഉണർത്തുന്നു. പക്ഷേ എതിരാളികൾക്ക് നാമമാത്രമായി പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞിട്ടില്ല. യു എസ് ജനാധിപത്യ മൂല്യങ്ങൾക്കും വലിയ ഭീഷണിയാണ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്നത് എന്ന വാദമാണ് ബൈഡൻ വോട്ട് നേടാൻ ഉപയോഗിക്കുന്ന തന്ത്രം. ഇത് എത്രത്തോളം വോട്ടർമാർ ഏറ്റെടുക്കും എന്ന് കണ്ടറിയണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.