കാനഡയിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആത്മീയ പ്രഭാഷണത്തിന് തുടക്കമായി
Mail This Article
ബ്രാംപ്ടൺ ∙ കാനഡയിലെ പ്രശസ്തമായ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ (ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ബ്രാംപ്ടൺ) ഫെബ്രുവരി രണ്ടാം തീയതി മുതൽ എല്ലാ വെള്ളിയാഴ്ചയും ആത്മീയ പ്രഭാഷണത്തിന് തുടക്കമായി. ലോകപ്രശസ്തരായ ഒൻപതു സനാതന ഗുരുക്കളാണ് ഈ നവാത്മബോധനത്തിലൂടെ ഭക്തജനങ്ങൾക്ക് ധർമ്മ മാർഗത്തിലൂടെ അറിവും മോക്ഷമാർഗവും ഉപദേശിച്ചു ജീവിതോപദേശങ്ങളിലൂടെ വ്യാഖ്യാനിക്കുന്നത്.
ശീതകാലത്തിൽ മഞ്ഞുമൂടി കിടക്കുന്ന കാനഡയിൽ തുടർച്ചയായി ഇത് ആറാം തവണയാണ് ഗുരുവായൂരപ്പൻ ക്ഷേത്രം ഭക്തജനങ്ങൾക്കു അറിവിന്‍റെ വെളിച്ചം പകരുവാൻ പ്രഭാഷണം സംഘടിപ്പിക്കുന്നത്. മാർച്ച് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 8.00 PM to 9.00 PM Eastern Time (US and Canada) (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 6.30ന്). കാനഡയിലെ ബ്രാംപ്ടനിൽ സ്ഥിതി ചെയ്യുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തികച്ചും കേരളതനിമയോടെയാണ് പൂജാവിധികൾ നടത്തുന്നത്. കാനഡയിൽ എല്ലാ ദേശത്തു നിന്നും ഭക്തർ എത്തുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിലെ പ്രധാന ആഘോഷങ്ങളും വിശേഷ ദിവസങ്ങളും ആചരിക്കുകയും അന്നദാനം, സാമൂഹ്യസേവനം തുടങ്ങി ഒരുപാട് സന്നദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.