കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയെ ആരാധിച്ച മലയാളി ഇന്ന് അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥൻ
Mail This Article
ഹൂസ്റ്റണ്‍ ∙ വെള്ളിത്തിരയിൽ സുരേഷ് ഗോപി നിറഞ്ഞാടിയ കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെ സ്നേഹിച്ച മനു പൂപ്പാറയിലിന്‍റെ (മനോജ് കുമാര്‍) ജീവിതമൊരു സിനിമ കഥ പോലെയാണ്. കേരളത്തിന്‍റെ മണ്ണിൽ നിന്ന് പൊലീസ് സ്വപ്നങ്ങളുമായിട്ടാണ് മനു പൂപ്പാറയിൽ യുഎസിലേക്ക് വിമാനം കയറിയത്. യുഎസിൽ യുവാവ് നടന്നു കയറിയത് സമാനതകളില്ലാത്ത നേട്ടത്തിലേക്ക്. കാക്കിക്ക് പകരം അമേരിക്കന്‍ പൊലീസിന്‍റെ യൂണിഫോം അണിഞ്ഞപ്പോള്‍ അത് ഒരു കുടിയേറ്റക്കാരന്‍റെ സ്വപ്‌നസാഫല്യമായി മാറി. തന്‍റെ ജീവിത യാത്രയെക്കുറിച്ച് ചോദിച്ചാല്‍ മനു പറയും - 'A cinematic journey'.
മനു പൂപ്പാറയിൽ എന്ന മനോജ് കുമാര്‍ പൂപ്പാറയിലിന്‍റെ വളര്‍ച്ച നിശ്ചയദാര്‍ഢ്യത്തിന്‍റെ കൂടി കഥയാണ്. യൂണിഫോമില്‍ നിന്ന് കമ്മ്യുണിറ്റി നേതാവെന്ന നിലയിലേക്കുള്ള യാത്രയിലാണ് ഇന്ന് അദ്ദേഹം. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ് 3-ന്‍റെ കോണ്‍സ്റ്റബിളാകാനുള്ള മത്സരത്തിന് കച്ചമുറുക്കുമ്പോള്‍ നീതി, സാമൂഹിക സേവനം, മാതൃകാപരമായ നേതൃത്വം എന്നിവയാണ് കൈമുതലായി കാണിക്കുവാനുള്ളത്.
കൊമേഴ്സില്‍ പ്രശംസനീയമായ അക്കാദമിക് ബഹുമതികളോടെ ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിയ മനു, ഇന്ത്യന്‍ പൊലീസ് സേനയില്‍ ചേരാനാണ് ആഗ്രഹിച്ചത്. പക്ഷെ അത് പല കാരണങ്ങൾ കൊണ്ട് നടന്നില്ല. നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാകാതെ, 2005ല്‍ അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.
യുഎസില്‍ മനുവിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്ക് അനുസൃതമായ പരിഗണന ആദ്യഘട്ടത്തിൽ ലഭിച്ചില്ല. ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായി തുടക്കത്തില്‍ ജോലി നോക്കി. ജോലി അതീവ ദുഷ്‌കരമായിരുന്നെങ്കിലും അമേരിക്കന്‍ സമൂഹത്തെ അടുത്തറിയാന്‍ അത് ഉപകരിച്ചു. അതോടൊപ്പം ഫീനിക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയ്ക്കു ചേര്‍ന്നു.
ഹൂസ്റ്റണ്‍ - ഡൗണ്‍ടൗണ്‍ പൊലീസ് അക്കാദമിയിലെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത് മനോജിന് വഴിത്തിരിവായി. അവിടെ നിന്ന് ബിരുദം സ്വന്തമാക്കി. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസിലും മെട്രോ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലും അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള സേവനം പൊതുജന സുരക്ഷയ്ക്കും സമൂഹ ക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണത്തിന് അടിവരയിടുന്നു. ഹിന്ദിയിലും തമിഴിലും ഉള്ള അദ്ദേഹത്തിന്‍റെ ഭാഷാ വൈദഗ്ദ്ധ്യം, മറ്റ് ഭാഷകള്‍ക്കിടയില്‍, സാംസ്‌കാരിക വിഭജനം മറികടക്കാന്‍ പ്രാപ്തനാക്കി. ആവശ്യമുള്ളവര്‍ക്ക് അവരുടെ പശ്ചാത്തലം പരിഗണിക്കാതെ തന്നെ സാന്ത്വനവും പിന്തുണയും നല്‍കുന്നതില്‍ മനോജ് ബദ്ധശ്രദ്ധനായിരുന്നു.
മനുവിന്‍റെ മാതൃകാപരമായ സേവനത്തിന് മെഡല്‍ ഓഫ് വാലർ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ ലഭിച്ചു. ഇപ്പോള്‍, തന്‍റെ കമ്മ്യൂണിറ്റിയെ കൂടുതല്‍ സേവിക്കാനുള്ള കാഴ്ചപ്പാടോടെ, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്‍റ് 3 കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷനായി മനു സജീവമായി പ്രചാരണം നടത്തുകയാണ്.
https:// manuforprecinct3.com എന്ന വെബ്‌സൈറ്റിലൂടെ അദ്ദേഹം മലയാളി സമൂഹത്തിന്‍റെ പിന്തുണയ്ക്കായി അഭ്യര്‍ഥിച്ചിരിക്കുകയാണ്. മനു പൂപ്പാറയിലിന്‍റെ വ്യക്തിജീവിതം അദ്ദേഹത്തിന്‍റെ പ്രഫഷനല്‍ യാത്ര പോലെ തന്നെ സമ്പന്നവും സംതൃപ്തവുമാണ്. ഹണി മനോജ് കുമാറാണ് ഭാര്യ. ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സറ്റിയില്‍ ബയോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ മാധവനാണ് മകന്‍.