വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടന്ന് യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ്
Mail This Article
മുംബൈ ∙ വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ മുംബൈ വിമാനത്താവളത്തിൽ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂയോർക്കിൽ നിന്ന് ഭാര്യയ്ക്കൊപ്പം മുംബൈയിലെത്തിയ ബാബു പട്ടേലാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. സംഭവത്തിൽ ഇടപെട്ട ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെടുന്നവർക്കെല്ലാം വീൽചെയർ സേവനം ഉറപ്പാക്കാൻ എല്ലാ വിമാനക്കമ്പനികളോടും നിർദേശിച്ചു.
യുഎസ് പൗരത്വമുള്ള, ഗുജറാത്തിൽ കുടുംബവേരുകളുള്ള പട്ടേൽ ദമ്പതികൾ ടിക്കറ്റ് എടുത്തപ്പോൾ തന്നെ വീൽ ചെയർ സേവനവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുംബൈയിൽ ഇറങ്ങിയപ്പോൾ ഒരു വീൽ ചെയർ മാത്രമാണു ലഭിച്ചത്. 76 വയസ്സുള്ള ഭാര്യയെ അതിലിരുത്തി ഒപ്പം നടക്കുമ്പോഴാണ് ബാബു പട്ടേൽ കുഴഞ്ഞുവീണത്. അടിയന്തര ചികിത്സ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 32 പേർ വീൽ ചെയർ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പകുതി മാത്രമാണ് ലഭ്യമാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനം രണ്ടര മണിക്കൂറിലേറെ വൈകിയതും സേവനം താളംതെറ്റാൻ ഇടയാക്കി.