ഹമാസ്, ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നീക്കവുമായി ബൈഡൻ
Mail This Article
ഹൂസ്റ്റണ്‍ ∙ ഹമാസ്, ഇസ്രയേൽ സംഘർഷം മാസങ്ങള്‍ പിന്നിട്ടതോടെ പ്രശ്‌ന പരിഹാരത്തിനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പുതിയ ഫോര്‍മുലയുമായി രംഗത്ത് വരുമെന്ന് സൂചന. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹമാസ് പിടികൂടിയിരുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനായി ആറാഴ്ചത്തെ വെടിനിർത്തലിനുള്ള സാധ്യതയുണ്ടെന്ന് ബൈഡൻ സൂചിപ്പിച്ചു. ആറാഴ്ചയെങ്കിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിലൂടെ പ്രശ്നപരിഹാരത്തിനാണ് ബൈഡൻ ശ്രമിക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്നതിന് ഇടനിലക്കാരനായി താന്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് ബൈഡൻ സൂചിപ്പിച്ചു.
∙ സമാധാന കരാര്‍
നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനാണ് പുതിയ സമാധന കരാറിലൂടെ ലക്ഷ്യമിടുന്നത്. വെടിനിര്‍ത്തലിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഖത്തറിലെയും ഈജിപ്തിലെയും നേതാക്കളുമായും സംസാരിച്ചതായി ബൈഡന്‍ വെളിപ്പെടുത്തി. ഇസ്രായേലിനെ പിന്തുണച്ചതിന് വിമര്‍ശനം നേരിടുന്ന പ്രസിഡന്‍റ്, ഗാസയിലും ഇസ്രായേലിലും മരിച്ച നിരപരാധികളുടെ വിയോഗത്തെയും അനുസ്മരിച്ചു.
ഹമാസിന്‍റെ അവസാനത്തെ പ്രധാന താവളമായ റഫയില്‍ ഇസ്രായേല്‍ പൂര്‍ണ്ണ തോതിലുള്ള ആക്രമണം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൽ കൊല്ലപ്പെട്ടവരിൽ മിക്കവരും നിരപരാധികളാണ്. സംഘർഷ മേഖലയിൽ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സേവനങ്ങളും ലഭ്യമല്ല. പല കുടുംബങ്ങള്‍ക്കും നിരവധി പേരെ നഷ്ടപ്പെട്ടു. അവര്‍ക്ക് വേണ്ടി വിലപിക്കാനോ അവരെ സംസ്‌കരിക്കാനോ പോലും കഴിയുന്നില്ലെന്ന് ബൈഡൻ പറഞ്ഞു 'റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല' കൂടിക്കാഴ്ചയില്‍അബ്ദുല്ല രണ്ടാമന്‍ രാജാവ് പറഞ്ഞു. ശാശ്വത വെടിനിര്‍ത്തലിന്‍റെ ആവശ്യകതയും രാജാവ് ഊന്നിപ്പറഞ്ഞു.
യുഎസ് ഭരണകൂടം നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കരാറിനുള്ള ചട്ടക്കൂട് നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം കൈവരിക്കുന്നതിലും മാനുഷിക സഹായം എത്തിക്കുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലുമാണ് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശ്വാശതമായ വെടിനിര്‍ത്തലിനെ എതിര്‍ക്കുകയും ഗാസയുടെ നിയന്ത്രണം നിലനിര്‍ത്തുന്നതില്‍ നിന്ന് ഹമാസിനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്ന മുൻ നിലപാടിൽ നിന്നും ബൈഡൻ വ്യതിചലിക്കുന്നതായിട്ടാണ് റിപ്പോർട്ട്. സംഘര്‍ഷം അവസാനിച്ചതിന് ശേഷം പ്രദേശത്തിന്‍റെ ഭാവി രാഷ്ട്രീയ, സൈനിക നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നേക്കും.