പൊങ്കാല മഹോത്സവം ആഘോഷമാക്കി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
Mail This Article
ഹൂസ്റ്റൺ ∙ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഈ മാസം 24 ന് ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നായി വന്നു ചേർന്ന നിരവധി സ്ത്രീ ജനങ്ങൾ അമ്പല മുറ്റത്തു പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.
അന്നേ ദിവസം അതിരാവിലെ തന്നെ മേൽശാന്തി സൂരജിന്‍റെ കാർമ്മികത്വത്തിൽ ആരംഭിച്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 11 മണിയോടെ ദേവി സന്നിധിയിൽ നിന്നും പകർന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാരഅടുപ്പിൽ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. 'അമ്മേ നാരായണ ദേവി നാരായണ' വിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണത്തിൽ നൂറുകണക്കിന് ദേവി ഭക്തകൾ തങ്ങളുടെ പൊങ്കാല നിവേദ്യം അർപ്പിച്ചു. തുടർന്ന് നടന്ന രുചികരമായ ഗുരുവായൂർ സദ്യ ശ്രദ്ധേയമായി.
ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രസിഡന്‍റ് സുനിൽ നായർ, പൂജ കമ്മിറ്റി ചെയർ രാജി പിള്ള, ഉത്സവകമ്മിറ്റി ചെയർ മഞ്ജു തമ്പി, ട്രസ്റ്റീ ചെയർ രമാ പിള്ള,ബോർഡ് മെമ്പേഴ്സും ട്രസ്റ്റീ മെമ്പേഴ്സും ആദ്യം മുതൽ അവസാനം വരെ സന്നിഹിതരായിരുന്നു. തുടർ വർഷങ്ങളിൽ കൂടുതൽ തയ്യാറെടുപ്പുകളോടെ അതിഗംഭീരമായി പൊങ്കാല ആഘോഷിക്കുവാനും കൂടുതൽ ആളുകളിലേക്ക് പൊങ്കാലയുടെ മഹിമ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി