ADVERTISEMENT

ഹൂസ്റ്റണ്‍∙  വൈസ് പ്രസിഡന്‍റായിരുന്ന കാലത്തെ രഹസ്യരേഖകൾ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ  കൈവശം വച്ച സംഭവത്തിൽ റോബര്‍ട്ട് ഹറിന്‍റെ റിപ്പോര്‍ട്ട്  വിവാദമാകുന്നു. വാഷിങ്‌ടനിലെ ഓഫിസിലും ഡെലവെയറിലെ വീട്ടിലെ സ്പോര്‍ട്സ് കാറിന്‍റെ അടുത്തുള്ള ഗാരേജിലും രഹസ്യരേഖകൾ കണ്ടെത്തിയ സംഭവത്തിലാണ് റോബര്‍ട്ട് ഹർ റിപ്പോർട്ട് നൽകിയത്. ഈ  സംഭവത്തിൽ ജൂറി ബൈഡനെ 'ഓര്‍മ്മക്കുറവുള്ള' എന്നാല്‍ 'ആത്മാര്‍ഥതയുള്ള പ്രായമായ മനുഷ്യന്‍' ആയി കരുതിയാണ് കുറ്റം ചുമത്താന്‍ വിസമ്മതിച്ചത് എന്നാണ് ഹർ പറയുന്നത്. 

ഇതോടെ യുഎസ് പ്രസിഡന്‍റിന്‍റെ ഓര്‍മ്മശക്തിയടക്കം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി. സംഭവത്തെ തുടർന്ന് ഇതോടെ ഹറിനെ വിചാരണ ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ തീരുമാനിച്ചു. രഹസ്യ ഫയലുകള്‍ ജോ ബൈഡന്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള തന്‍റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്‍റെ ചോദ്യം ചെയ്യലില്‍ സ്വന്തം ഭാഗം ന്യായീകരിക്കുമെന്ന് ഹര്‍ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ ഓര്‍മ്മശക്തി മോശമാണെന്ന തന്‍റെ വിലയിരുത്തലും കഴിഞ്ഞ മാസം വിവാദം സൃഷ്ടിച്ച പരാമര്‍ശങ്ങള്‍ 'കൃത്യവും നീതിയുക്തവുമാണ്' എന്നും അദ്ദേഹം ആവർത്തിക്കുമെന്ന് കരുതപ്പെടുന്നു. 

ബൈഡന്‍ 'മനപ്പൂര്‍വ്വം' രഹസ്യരേഖകൾ കൈവശം വച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താൻ ഹര്‍ വിസമ്മതിച്ചു. രണ്ടാമൂഴത്തിനായി മത്സരിക്കുമ്പോള്‍ പ്രസിഡന്‍റിന്‍റെ പ്രായം ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.ക്യാപ്പിറ്റൾ ഹില്ലിലെ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തയ്യാറാക്കിയ പ്രാരംഭ പരാമര്‍ശങ്ങളില്‍, പ്രസിഡന്‍റിന്‍റെ ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമായി പറയാനുള്ള തന്‍റെ തീരുമാനത്തെ ഹര്‍ ന്യായീകരിച്ചു. കുറ്റം ചുമത്തേണ്ടതില്ലെന്ന തന്‍റെ തീരുമാനത്തിന് ഇത് പ്രസക്തമാണെന്നും അദ്ദേഹം വാദിച്ചു.

വൈസ് പ്രസിഡന്‍റായിരുന്ന കാലം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പ്രസിഡന്‍റ് പാടുപെടുന്നുണ്ടെന്നും തന്‍റെ കാലാവധി എപ്പോഴാണെന്നോ അര്‍ബുദം ബാധിച്ച് മകന്‍ ബ്യൂ മരിച്ചത് എപ്പോഴാണെന്നോ ബൈഡന്‍ ഓര്‍ക്കുന്നില്ലെന്നും ഹര്‍ ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഹറിന്‍റെ റിപ്പോർട്ടിന് തൊട്ടുമുൻപ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്‍റെ ട്രാന്‍സ്‌ക്രിപ്റ്റ് - ബ്യൂ മരിച്ച മാസവും തീയതിയും ബൈഡന്‍ യഥാര്‍ത്ഥത്തില്‍ ഓര്‍ത്തിരുന്നതായി കാണിക്കുന്നു. പക്ഷേ വര്‍ഷം ഓര്‍മ്മിക്കാന്‍ അദ്ദേഹം പാടുപെട്ടു.

'ഏത് മാസമാണ് ബ്യൂ മരിച്ചത്? ദൈവമേ - മെയ് 30,' മിസ്റ്റര്‍ ബൈഡന്‍ അഭിമുഖത്തിനിടെ പറഞ്ഞു.  തന്‍റെ രേഖകള്‍ ആരൊക്കെയാണ് പെട്ടികള്‍ പായ്ക്ക് ചെയ്തത്, എങ്ങനെ, എപ്പോള്‍ കൊണ്ടുപോയി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ, ബൈഡന്‍ ഓര്‍മിക്കാത്ത കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഹറിന്‍റെ റിപ്പോര്‍ട്ടിന് ശേഷം, തനിക്ക് ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന അവകാശവാദം നിരാകരിച്ചു കൊണ്ട് പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. 

''ഞാന്‍ നല്ല മനസ്സുള്ളവനാണ്, ഞാന്‍ ഒരു പ്രായമായ ആളാണ്, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം'' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്‍റെ മകന്‍ മരിച്ച ദിവസം മറക്കുന്നതിനെക്കുറിച്ചുള്ള ഹറിന്‍റെ അഭിപ്രായങ്ങളോട് അദ്ദേഹം ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഇക്കാര്യം ചോദിക്കാന്‍ ഹറിന് എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം മകന്‍ എപ്പോള്‍ മരിച്ചെന്ന് പ്രസിഡന്‍റിനോട് നേരിട്ട് ചോദിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. 81 വയസ്സുകാരനായ ബൈഡന്‍ വൈറ്റ് ഹൗസില്‍ രണ്ടാം തവണ സേവനമനുഷ്ഠിക്കാന്‍ മാനസികമായി യോഗ്യനല്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാസങ്ങളായി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്

English Summary:

Robert Hur defends special counsel report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com