ഫ്ലോറിഡ സർവകലാശാലയിൽ മലയാളി പ്രഫസറുടെ പേരിൽ പിക്കിൾബോൾ കോർട്ട്
Mail This Article
ഫ്ലോറിഡ ∙ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ പ്ലാന്റ് പത്തോളജി വകുപ്പ് മേധാവിയായ ഡോ.മാത്യൂസ് പാറേട്ടിന്റെ പേരിൽ സർവകലാശാലയിൽ പിക്കിൾബോൾ കോർട്ട് ഒരുക്കി വിദ്യാർഥികൾ. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് മാത്യൂസ് വകുപ്പ് മേധാവി (ചെയർ) സ്ഥാനം ഏറ്റത്.അതിനു മുമ്പ് 13 വർഷം അധ്യാപകനും ഗൈഡുമൊക്കെയായിരുന്ന സർവകലാശാലാ റിസർച്ച് സെന്ററിലെ വിദ്യാർഥികളുടെ 'വെൽനെസും' (അമേരിക്കൻ അക്കാദമിക് ശൈലിയിൽ സ്റ്റുഡന്റ് വെൽനെസ്) സ്പോർട്സ് താല്പര്യവും പ്രോത്സാഹിപ്പിക്കാൻ ഡോ. മാത്യൂസ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ശ്രമങ്ങൾ നടത്തി. പുതിയ തസ്തികയിലേക്ക് അദ്ദേഹം മാറിയ ശേഷമാണ് കോർട്ട് നിർമിച്ചതെങ്കിലും അതിനു പ്രോത്സാഹനവുമായി നിന്ന പ്രഫസറുടെ പേരിടാൻ വിദ്യാർഥികൾ സർവകലാശാലയുടെ അനുമതി തേടുകയായിരുന്നു. ഒരു പിക്കിൾബോൾ കോർട്ട് ഒരുങ്ങിക്കഴിഞ്ഞു. രണ്ടാമതൊന്നിനു കൂടി സൗകര്യമുണ്ട്.
കോട്ടയം കുഴിമറ്റം കൊച്ചുപാറേട്ട് ലാൽ എം. പാറേട്ടിന്റെയും സൂസൻ വി. മർക്കോസിന്റെയും മകനാണ് ഡോ.മാത്യൂസ് പാറേട്ട്.
അലഹബാദ് അഗ്രികൾച്ചർ ഇൻസ്റ്റിട്യൂട്ടിൽ (ഇപ്പോൾ സർവകലാശാല) വിദ്യാർഥിയായിരിക്കെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു മാത്യൂസ്. യൂണിവേഴ്സിറ്റി ഓഫ് ഹവായ് യിൽ ഉപരിപഠനം നടത്തുമ്പോൾ ബാഡ്മിന്റൻ കളിക്കാരനായിരുന്നു. ഇപ്പോഴും ഇടവേളകളിൽ ബാഡ്മിന്റൻ കളി തുരുന്നു. ഭാര്യ ഡോ. പുഷ്പ ആൻ കുര്യൻ മയാമിയിൽ അധ്യാപികയാണ്. മക്കൾ: ജോർജ്, ജേക്കബ്.