ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഇന്ത്യക്കാർ പിടിയിൽ
Mail This Article
ന്യൂയോർക്ക്∙ കാനഡയിൽ നിന്ന് ചരക്ക് തീവണ്ടിയിൽ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നാല് പേരെ യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തു. മാർച്ച് 12 ന്, ഓടുന്ന ചരക്ക് ട്രെയിനിൽ നിന്ന് ചാടി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരെ അതിർത്തിസുരക്ഷാ സേന പിടികൂടിയത്.
കാനഡയുടെ അതിർത്തിയായ ന്യൂയോർക്കിലെ ബഫല്ലോയിലെ ഇന്‍റർനാഷനൽ റെയിൽറോഡ് പാലത്തിലാണ് സംഭവം നടന്നതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. അതിർത്തി സുരക്ഷാ സേനയെ കണ്ടയുടൻ, ട്രെയിനിൽ നിന്ന് ചാടിയതിനെ തുടർന്ന് പരുക്കേറ്റ് അനങ്ങാൻ കഴിയാത്ത സ്ത്രീയെ ഉപേക്ഷിച്ച് ബാക്കി മൂന്ന് പേരും ഓടി. ഇവരെ ഓടിച്ചിട്ടാണ് അതിർത്തി സുരക്ഷാസേന പിടികൂടിയത്. പരുക്കേറ്റ സ്ത്രീയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് എറി കൗണ്ടി ഷെരീഫിന്‍റെ ഡപ്യൂട്ടിമാരും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫിസർമാരും (സിബിപി) പ്രഥമശുശ്രൂഷ നൽകി. സ്ത്രീയും രണ്ട് പുരുഷന്മാരും ഇന്ത്യൻ പൗരന്മാരാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. നാലാമത്തെ വ്യക്തി ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ളയാളാണ്. നാല് പേരും മതിയായ രേഖകളില്ലാതെയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചത്.
ഇമിഗ്രേഷൻ ആൻഡ് നാഷനാലിറ്റി ആക്ടിലെ സെക്ഷൻ 212, 237 പ്രകാരമുള്ള കുറ്റം ചുമത്തി. നിലവിൽ ഇന്ത്യൻ പൗരന്മാരെ ന്യൂയോർക്കിലെ ബറ്റാവിയ ഫെഡറൽ ഡിറ്റൻഷൻ ഫെസിലിറ്റിയിൽ പാർപ്പിച്ചിരിക്കുകയാണ്. വിചാരണയ്ക്ക് ശേഷം ഇവരെ നാടുകടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ,