അഴിമതി ആരോപണം: അദാനി ഗ്രൂപ്പിനും സ്ഥാപകൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം
Mail This Article
വാഷിങ്‌ടൻ ∙ ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനും സ്ഥാപകൻ ഗൗതം അദാനിക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ അന്വേഷണം ശക്തമാക്കി.ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റന്‍റിനായുള്ള യുഎസ് അറ്റോർണി ഓഫിസിന്‍റെയും വാഷിങ്‌ടനിലെ ജസ്റന്‍റിസ് ഡിപ്പാർട്ട്‌മെൻന്‍റിന്‍റെ വഞ്ചനാ വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം. ഗൗതം അദാനിയോ അദാനി ഗ്രൂപ്പോ ഇന്ത്യയിൽ ഊർജ പദ്ധതിക്കായി കൈക്കൂലി നൽകിയെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.
‘‘ഞങ്ങളുടെ ചെയർമാനെതിരെ അന്വേഷണം നടക്കുന്നതായി ഞങ്ങൾക്കറിയില്ല. ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അഴിമതി വിരുദ്ധ നിയമങ്ങൾക്കും കൈക്കൂലി വിരുദ്ധ നിയമങ്ങൾക്കും വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്’’ – അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കയിലെ നീതിന്യായ വകുപ്പിലെ പ്രതിനിധികൾ വിഷയത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു. അഭിപ്രായത്തിനുള്ള അഭ്യർഥനകളോട് അസുർ പവർ ഗ്ലോബൽ ലിമിറ്റഡും പ്രതികരിച്ചില്ല. ഓഹരി വിലയിൽ കൃത്രിമം കാണിച്ചു, അക്കൗണ്ടിങ് തട്ടിപ്പ് നടത്തി തുടങ്ങിയ ആരോപണങ്ങൾ കഴിഞ്ഞ വർഷം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിലൂടെ അദാനി ഗ്രൂപ്പും സ്ഥാപകൻ ഗൗതം അദാനിയും നേരിട്ടിരുന്നു.