ടെക്‌സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി
Mail This Article
ന്യൂയോർക്ക് ∙ കർശനമായ ടെക്‌സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി. എസ്‌ബി 4 എന്നറിയപ്പെടുന്ന ടെക്‌സാസിന്റെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നിയമം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ അഭ്യർഥന സുപ്രീം കോടതി നിരസിച്ചു. കോടതിയിലെ യാഥാസ്ഥിതികരായ ആറ് ജസ്റ്റിസുമാരും എസ്ബി 4 ഇപ്പോൾ പ്രാബല്യത്തിൽ വരാൻ അനുവദിക്കാനുള്ള തീരുമാനത്തോട് യോജിച്ചു.
നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് കടന്നതായി സംശയിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ പ്രാദേശിക, സംസ്ഥാന നിയമപാലകർക്ക് നിയമം അധികാരം നൽകും. കുടിയേറ്റക്കാരെ അവരുടെ രാജ്യം പരിഗണിക്കാതെ മെക്സിക്കോയിലേക്ക് മടങ്ങാന്‍ ഉത്തരവിടാനുള്ള അധികാരവും ഇത് ജഡ്ജിമാർക്ക് നൽകും. ഇമിഗ്രേഷൻ നിയമം ഫെഡറൽ ഗവൺമെന്റിന്റെ മാത്രം ഉത്തരവാദിത്തമാണെന്നു ബൈഡൻ ഭരണകൂടം വാദിച്ചു. 'ഇത് വ്യക്തമായ ഒരു നല്ല സംഭവവികാസമാണ്' ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.