ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ കാരുണ്യ ഭവന നിർമാണ പദ്ധതി പുരോഗമിക്കുന്നു
Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ കഴിഞ്ഞ വർഷത്തെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്‍റെ പ്രസുദേന്തിമാരായിരുന്ന വനിതകൾ ഒന്നുചേർന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിർമാണ പദ്ധതി. ഭവന രഹിതർക്ക് കൈത്താങ്ങാകുവാൻ വനിതകൾ തിരഞ്ഞെടുത്തത് കോട്ടയം അതിരൂപതയിലെ ഹൈറേഞ്ച് - പഠമുഖം ഫൊറോനായിലെ വിവിധ ഇടവകളിൽ നിന്നും ലഭിച്ച ഏറ്റവും അർഹരായ 8 കുടുംബങ്ങളെയാണ്.
ജനുവരി മാസത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജൻ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, അതാത് ഇടവക വികാരിമാരുടെ സാന്നിധ്യത്തിൽ ആദ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ ചടങ്ങുകൾ നിർവ്വഹിച്ചു. സമയ ബന്ധിതമായി ഓരോ ഭവനങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ, ജോജോ അനാലിൽ, ജിനോ കക്കാട്ട് എന്നിവരടങ്ങിയ ഈ പ്രൊജക്ടിന്‍റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാൻ നിയുക്തമായ കമ്മറ്റി അറിയിച്ചു. സെലിൻ ചൊള്ളമ്പേൽ ചെയർപേഴ്‌സണായും, മഞ്ജു കല്ലിടുക്കിൽ, സ്റ്റോപ്പി പോളക്കൽ, ലിയാ കുന്നശ്ശേരി, സിജു കൂവക്കാട്ടിൽ, ഡോളി കിഴക്കേക്കുറ്റ്, സിജു വെള്ളാരംകാലായിൽ, മഞ്ജു ആനാലിൽ, ജീനാ കണ്ണച്ചാംപറമ്പിൽ, ജിഷ പൂത്തറ എന്നിവർ അംഗങ്ങളുമായുള്ള പതിമൂന്നംഗ കമ്മറ്റിയാണ് ഭവനനിർമാണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
തിരുനാളിന്‍റെ ഭാഗമായും, അതിനു ശേഷവും ഉദാരമായി സാമ്പത്തിക സഹായങ്ങൾ ചെയ്തുകൊണ്ട് ഈ ഭവനനിർമാണ പദ്ധതിയെ ഹൃദയത്തിലേറ്റിയ എല്ലാ വനിതകൾക്കും ഇടവകാംഗങ്ങൾക്കും ഇടവകയുടെ പേരിലുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. 2024 ലെ പ്രധാന തിരുനാളിന് മുൻപായി എല്ലാ ഭവനങ്ങളും പൂർത്തിയാക്കികൊണ്ട് ഹൈറേഞ്ചിലെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ സാധിക്കും എന്നുള്ള പ്രത്യാശയോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്ന് അദേഹം അറിയിച്ചു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.