ADVERTISEMENT

ന്യൂജഴ്സി ∙  കെ. എസ്. സേതുമാധവൻ സംവിധായകനായി 1971 ൽ ഒരു പെണ്ണിന്റെ കഥ എന്ന പേരിൽ ഒരു സിനിമയുണ്ടായിരുന്നു. വയലാറിന്റെ വരികളും ജി. ദേവരാജന്റെ സംഗീതത്തിലും ഗായകൻ കെ. ജെ. യേശുദാസ് ആലപിച്ച ഗാനം.

'സൂര്യഗ്രഹണം സൂര്യഗ്രഹണം
ഗ്രഹണം കഴിഞ്ഞാൽ അസ്തമനം
അസ്തമനം, അസ്തമനം
നിത്യപ്രകാശത്തെ കീഴടക്കുന്ന 
നിഴലിൻ പ്രതികാരം
അപമാനിതയായ് പിറകെ നടന്നൊരു 
നിഴലിൻ പ്രതികാരം'

എന്നിങ്ങനെ പോകുന്ന ആ ഗാനം സത്യൻ മാഷിന്റെ ഗംഭീര അഭിനയം കൂടിയായ ആ സിനിമ ഇപ്പോൾ ഓർമിക്കുവാൻ കാരണം ഇന്ന് നടന്ന സൂര്യഗ്രഹണം തന്നെയാണ്. ഇനി ഇതു പോലൊന്ന് കാണണമെങ്കിൽ 2044 ആഗസ്റ്റ് 23 വരെ കാത്തിരിക്കണം. മെക്സിക്കോയിലെ മസാറ്റിയോനിൽ ഉച്ചകഴിഞ്ഞ് 2.07ന് (ഈസ്റ്റേൺ ടൈം) പ്രത്യക്ഷപ്പെട്ട സൂര്യഗ്രഹണം ഡാലസ്, അർക്കൻസാ, മിസൂറി, ഇൻഡ്യാനാ പൊലീസ്, ക്ലീവ്‌ലാൻഡ്, ഒഹായോ, നയാഗ്രാ ഫോൾസ്, വെർമോണ്ട്, മെയ്ൻ തുടങ്ങിയ സ്ഥലങ്ങളിൽ സമ്പൂർണ്ണമായി കാണുവാൻ കഴിഞ്ഞു. ടോട്ടാലിറ്റി എന്നാണ് ഇതറിയപ്പെടുക. ന്യൂജഴ്സിയിൽ ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് മേഘങ്ങൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും ടോട്ടാലിറ്റി ദർശിക്കാനായില്ല. 91 ശതമാനം വരെ മാത്രമാണ് കാണാൻ കഴിഞ്ഞത്.

എല്ലാ കേന്ദ്രങ്ങളിലും വമ്പിച്ച ജനസഞ്ചയമാണ് കാണാൻ കഴിഞ്ഞത്. ഡാലസ് കാഴ്ച ബംഗ്ലാവിൽ മൃഗങ്ങൾക്ക് വരുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കുവാൻ പ്രത്യേകം ഫോറവും ഒരുക്കിയിരുന്നു. സൂര്യഗ്രഹണ സമയത്ത് കണ്ണുകൾക്ക് പരിരക്ഷ നൽകുന്നതിനെപ്പറ്റി നാസ പ്രത്യേകമായ സന്ദേശവും നൽകിയിരുന്നു. ഗ്രഹണം ഓരോ കേന്ദ്രങ്ങളിലും ആ സ്ഥലങ്ങളുടെയും സൂര്യന്റെയും ഗതിവിഗതികൾ അനുസരിച്ച് 4 മുതൽ 7 മിനിട്ട് വരെ നീണ്ടുനിന്നു. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണമായും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണ്ണമായോ മായപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ആധുനിക ജ്യോതി ശാസ്ത്രത്തിന്റെ വരവോടെയാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അറിവുകേടുകൾ കുറെയെങ്കിലും മാറിയത്. സൂര്യഗ്രഹണത്തിന് മുന്നോടിയായി ന്യൂയോർക്ക് ഗവർണർ സാറാ ഹക്കബി സാൻഡേഴ്സ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നൂറുകണക്കിന് സ്കൂളുകൾക്ക് അവധി ആയിരുന്നു.

കണ്ണിനാനന്ദകരമായ കാഴ്ച ആയിരുന്നു എന്ന് കണ്ടവർ പറയുന്നു. ഇതൊരു മാജിക്കൽ മോമന്റ് എന്ന് കണക്ടിക്കട്ടിലെ വിൽട്ടനിൽ നിന്ന് 1–ാം ക്ലാസ് വിദ്യാർഥിയായ സാമുവൽ പാണച്ചേരി പറഞ്ഞു. ഇത്രയും വിസ്മയകരമായ ഒരു കാഴ്ച കണ്ടിട്ടില്ല. 2044 ലെ സമ്പൂർണ്ണ സൂര്യഗ്രഹണവും കാണാൻ കാത്തിരിക്കയാണെന്ന് ന്യുയോർക്ക് സംസ്ഥാനത്തെ ക്വീൻസിലുള്ള തോമസ് മത്തായി പറഞ്ഞു.

ഗ്രഹണം കഴിഞ്ഞാൽ അസ്തമനം എന്ന് 3 പ്രാവശ്യം തറപ്പിച്ചാണ് വയലാറിന്റെ വരികൾ അവസാനിക്കുന്നത്.
നിത്യ പ്രകാശത്തെ കീഴടക്കുന്നു
നിഴലിൻ പ്രതികാരം
അപമാനിതയായ് പിറകെ നടന്നോരു
നിഴലിൻ പ്രതികാരം……  
എത്ര സുന്ദരമായ വരികൾക്കാണ് വയലാർ തൂലിക ചലിപ്പിച്ചിരിക്കുന്നത്.

English Summary:

Solar Eclipse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com