ഫാ. ജോസഫ് വർഗീസ് പാക്കിസ്ഥാനിലേക്ക് പുതിയ ദൗത്യവുമായി
Mail This Article
മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വർഗീസ് പാക്കിസ്ഥാനിലേക്ക് നടത്തുന്ന യാത്ര ശ്രദ്ധ നേടുന്നു. ഇതാദ്യമാണ് സിറിയൻ ഓർത്തഡോക്സ് സഭയുടെ ലിറ്റർജി പാക്കിസ്ഥാനിൽ എത്തുന്നത്. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മെത്രാപ്പോലീത്ത ആയ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂൺ, ഫാ. ഷസാദ് കോക്കർ, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ട്.
ഏപ്രിൽ 12ന് കറാച്ചിയിൽ എത്തുന്ന സംഘം അവിടെനിന്ന് ഹൈദരാബാദിലേക്കു പോകും. 13ന് ഗോണ്ടൽ ഫാം കോത്രിയിൽ സ്വീകരണം. 14 ന് ഹൈദരാബാദിൽ നിന്നുള്ള രണ്ടു പേർ ശെമ്മാശന്മാരായി വാഴിക്കപ്പെടും. വൈകിട്ട് ഇന്റർ ഫെയ്ത്ത് ഹാർമണിയിൽ കത്തോലിക്കാ ബിഷപ്പുമാരുമായും മുസ്‌ലിം നേതാക്കന്മാരുമായും പ്രോട്ടസ്റ്റന്റ് പാസ്റ്റർമാരുമായുള്ള എക്യൂമെനിക്കൽ ചർച്ചകൾ. 16 ന് കറാച്ചിയിൽനിന്ന് ഫൈസലാബാദ്, സഹിവാൽ, ഓക്‌റ എന്നിവിടങ്ങളിലേക്ക് യാത്ര. 17 ന് സ്വീകരണം, പഞ്ചാബിൽ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ. 18ന് ലഹോർ എയർപോർട്ടിൽനിന്ന് ലെബനനിലേക്ക് മടക്കം.
മതങ്ങൾക്കും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കുമിടയിലെ ക്രിയാത്മക സഹകരണത്തിനു നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വർഗീസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിൽ (IRFT) അംഗവും ഹോളി സോഫിയാ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ അഡ്ജക്റ്റ് പ്രഫസറുമാണ്. ഇപ്പോൾ സൗത്ത് ഫ്ലോറിഡയിലെ മയാമിയിൽ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരിയാണ്. ഭാര്യ: ജെസി വർഗീസ്, മക്കൾ: യൂജിൻ വർഗീസ്, ഈവാ സൂസൻ വർഗീസ്.