വിഷുക്കണി: കേരളത്തിലെ 'പൊന്നിൻ കണിക്കൊന്ന' കാനഡയിൽ സൂപ്പർ ഹിറ്റ്
Mail This Article
തൃശൂർ ∙ വിഷുവിന് നമ്മുടെ സ്വന്തം പൊന്നിൻ കണിക്കൊന്ന കടലേഴും കടക്കുകയാണ്. കാനഡയിലെ മലയാളികളെ വിഷുക്കണി കാണിക്കാൻ. പ്ലാസ്റ്റിക് പൂക്കൾ വച്ചു കണി കണ്ടിരുന്ന വിദേശ മലയാളികൾക്കു സാക്ഷാൽ കണിക്കൊന്ന പ്രകാശം പരത്തി നിൽക്കുന്നതു കാണാം.
2 വർഷമായി കയറ്റുമതി മേഖലയിൽ ഉള്ള അഖിൽ ബ്ലീക്കോയാണു കണിക്കൊന്നയെ കടൽ കടത്തുന്നത്. കേരളീയ വിഭവങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന ബിസിനസാണ് അഖിലിന്. കപ്പ, ചക്ക വിഭവങ്ങളും ഉണ്ണിയപ്പം, പഴം, നുറുക്ക്, ഇലയട, പായസം, ഓണപ്പുടവ, വിഷുപ്പുടവ, കരിക്കിൻ വെള്ളം തുടങ്ങി നാടൻ തനിമയുള്ള വിഭവങ്ങളും ഓണം, വിഷു പോലുള്ള ആഘോഷങ്ങൾക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഓണത്തപ്പൻ തുടങ്ങിയവയും അഖിലിന്റെ ബ്ലീക്കോ ഇംപോർട്സ് ആൻഡ് എക്സ്പോർട്സ് കമ്പനി കയറ്റി അയയ്ക്കുന്നുണ്ട്. ഓണത്തിനു പൂക്കളം ഇടാനുള്ള പൂവും കയറ്റി അയയ്ക്കുന്നവയിൽപെടും. സാമ്പാർ, അവിയൽ തുടങ്ങി സദ്യവട്ടങ്ങളും കണ്ടെയ്നറിൽ വിദേശത്ത് എത്തിക്കുന്നുണ്ട്.
വിഷുവിനു പ്ലാസ്റ്റിക് കണിക്കൊന്നയാണു വിദേശത്തു മലയാളികൾ ഉപയോഗിക്കുന്നത് എന്നു മനസ്സിലാക്കിയ അഖിൽ പരീക്ഷണാടിസ്ഥാനത്തിലാണു ഇത്തവണ കണിക്കൊന്ന കയറ്റി അയച്ചത്. തൃശൂർ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിൽ വീടുകളിൽ നിന്നാണു കണിക്കൊന്ന വാങ്ങിയത്. കണിക്കൊന്നപ്പൂ ഡിണ്ടിഗലിലെ ഗോഡൗണിലെത്തിച്ച് പാക്ക് ചെയ്യും. പ്ലാസ്റ്റിക് കവറുകളിൽ ഐസ് പാക്ക് ചെയ്തു വണ്ടിയിൽ ബെംഗളുരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണു കാനഡയിലേക്കു അയക്കുന്നത്. വിഷു വരെ മാത്രമേ കണിക്കൊന്നയ്ക്ക് ആവശ്യക്കാർ ഉള്ളൂ എന്നതിനാൽ അതുവരെ കിട്ടാവുന്നത്രയും കണിക്കൊന്ന ശേഖരിക്കാനാണു ശ്രമിക്കുന്നതെന്ന് അഖിലും ബിസിനസ് പാർട്നർ ആയ ബെന്നി ബഹനാൻ കെ. റെജിയും പറയുന്നു. ഇത്തവണ പരീക്ഷണമായിരുന്നെങ്കിലും അടുത്ത വിഷുവിനു കൂടുതൽ വിദേശ രാജ്യങ്ങളിലേക്കു കണിക്കൊന്ന കയറ്റി അയയ്ക്കാനാണു പദ്ധതി