ഇന്ത്യക്കാരനായ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 2.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
Mail This Article
ന്യൂയോർക്ക്∙ ഇന്ത്യക്കാരനായ ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേലിന്‍റെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) 2.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ആദ്യ പത്തിൽ ഉള്ള വ്യക്തിയാണ് ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേൽ.
2015 ഏപ്രിൽ 12 ന് മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോനട്ട് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് പട്ടേലിനെതിരെ കേസെടുത്തിരിക്കുന്നത്. ഡങ്കിൻ ഡോനട്ട്സിന്‍റെ കടയുടെ ബാക്ക്റൂമിൽ വെച്ച് അടുക്കളയിലെ കത്തി ഉപയോഗിച്ചാണ് പട്ടേൽ ഭാര്യയെ ആക്രമിച്ചത്. കടയിൽ ഉപഭോക്താക്കളുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. അന്ന് 24 വയസ്സുള്ള പട്ടേലും ഭാര്യയും അടുക്കള ഭാഗത്തേക്ക് പോകുന്നത് വരെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.
2015 ഏപ്രിലിൽ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനുശേഷം പട്ടേൽ മുങ്ങി. ഇയാളെ സംബന്ധിച്ച വിവരം നൽകാൻ താൽപ്പര്യമുള്ളവർക്ക് 1-800-CALL-FBI (1-800-225-5324) എന്ന നമ്പറിൽ എഫ്ബിഐയെ ബന്ധപ്പെടാം അല്ലെങ്കിൽ https://tips.fbi.gov/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം