ഇസ്രയേലിനെതിരെയുള്ള ഇറാന്‍റെ ആക്രമണത്തിൽ യുഎസിന് നടുക്കമെന്ന് റിപ്പോർട്ട്
Mail This Article
ഹൂസ്റ്റണ്‍ ∙ ഇറാൻ ഇസ്രയേലിന് നേരെ 100ലധികം മിസൈലുകള്‍ പ്രയോഗിച്ചത് യുഎസിനെ ഞെട്ടിച്ചതായി റിപ്പോർട്ടുകൾ. ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ മിസൈലുകള്‍ ഇറാൻ പ്രയോഗിച്ചതായിട്ടാണ് യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി വാള്‍ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്. ഇസ്രയേലിന്‍റെ പ്രതിരോധം വിജയിച്ചോ എന്ന് ഇപ്പോൾ വ്യക്തമല്ലെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
ഇറാന്‍റെ ആക്രമണത്തിന് മുൻപേ ഇതുസംബന്ധിച്ച സൂചനകൾ യുഎസിന് ലഭിച്ചതായിട്ടാണ് വിവരം. അതിനാൽ തന്നെ , 'മിസൈല്‍ പ്രതിരോധ പ്രവര്‍ത്തന കേന്ദ്രത്തില്‍' പ്രവര്‍ത്തിക്കാന്‍ യുഎസ് സൈനികരുടെ ഒരു സംഘത്തെ രഹസ്യമായി ടെല്‍ അവീവിലേക്ക് അയച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 50 ബാലിസ്റ്റിക് മിസൈലുകളെ നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ 100 ലധികം മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടുവെന്ന് വ്യക്തമായപ്പോള്‍ യുഎസ് സൈന്യം ആശങ്കയിലായതായും റിപ്പോര്‍ട്ട് പറയുന്നു.
170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് തങ്ങള്‍ക്കെതിരേ ഇറാന്‍ തൊടുത്തതെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തുന്നു. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആവശ്യമെങ്കില്‍ സൗദിയുടെയും ജോര്‍ദാന്‍ വിമാനങ്ങളുടെയും വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോര്‍ദാന്‍ അതിന്‍റെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോയ പ്രൊജക്‌ടൈലുകള്‍ വെടിവച്ചു വീഴ്ത്തിയപ്പോള്‍ അമേരിക്ക, യുകെ, ഫ്രാന്‍സ്, ജപ്മനി എന്നീ രാജ്യങ്ങള്‍ ഇസ്രയേലി വിമാനങ്ങള്‍ക്ക് മറ്റുള്ളവ വെടിവെച്ച് വീഴ്ത്താന്‍ സഹായം ചെയ്തു. ഇറാൻ പ്രയോഗിച്ച 300 ലധികം പ്രൊജക്‌ടൈലുകളിൽ ഭൂരിഭാഗവും ഇസ്രയേലും സഖ്യകക്ഷികളും നശിപ്പിച്ചു.
ആക്രമണത്തില്‍ ഇസ്രയേല്‍ സൈനിക താവളമായ നെവാറ്റിം എയര്‍ ബേസ് മാത്രമാണ് ഇറാന്‍ ലക്ഷ്യം വച്ചത്. അതിനാകട്ടെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചുമില്ല. ഡമാസ്‌കസിലെ ഇറാന്‍ എംബസിയോട് ചേര്‍ന്നുള്ള കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് ഇസ്ലാമിക് റിപ്പബ്ലിക് റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്‍റെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തതിനു പിന്നാലെയാണ് വ്യാഴാഴ്ച നാറ്റന്‍സ് ആണവ നിലയത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാന്‍ സംഭവത്തെ നിസ്സാരവത്കരിച്ചു. മൂന്ന് ചെറിയ ഡ്രോണുകള്‍ മാത്രമേ ആക്രമണത്തില്‍ പങ്കെടുത്തുള്ളൂ എന്നും മിസൈലുകളൊന്നും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചത്.
കഴിഞ്ഞയാഴ്ച നടന്ന ഇറാന്‍റെ ആക്രമണത്തെ പരാജയപ്പെടുത്താന്‍ സഹായിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് അമേരിക്ക ഇസ്രയേലുമായുള്ള സഖ്യം ഉറച്ചതാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും ടെഹ്‌റാനുമായുള്ള പിരിമുറുക്കത്തിനും ഇടയില്‍ മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ബൈഡന്‍ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിലെ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രായേലിനുള്ള യുഎസിന്‍റെ അചഞ്ചലമായ പിന്തുണ ബൈഡന്‍ ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധി രൂക്ഷമായാല്‍ ഉണ്ടാകാവുന്ന അപകടസാധ്യതയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം, തന്ത്രപരമായി ചിന്തിക്കാന്‍' പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ തിരിച്ചടിക്കരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.