ബിൽ പാസായി; യുഎസിൽ ടിക് – ടോക് നിരോധിക്കുന്നു
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ ടിക്–ടോക് നിരോധനത്തിനു വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നൽകി. ചൈനീസ് ഐടി കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്–ടോക് യുഎസിൽ 17 കോടി ആളുകൾ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളിൽ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് മാറിയില്ലെങ്കിൽ ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആപ് സ്റ്റോറുകളിൽ ടിക്–ടോക് ലഭ്യമാകില്ല. ബൈറ്റ്ഡാൻസിന്റെ യുഎസിലെ പ്രവർത്തനങ്ങൾ അതിനുള്ളിൽ കൈമാറിയിരിക്കണം.
വിവരങ്ങൾ ചോർത്തുന്നതിലൂടെ ദേശീയ സുരക്ഷിതത്വത്തിന് ടിക്–ടോക് ഭീഷണിയാകുന്നുവെന്നാരോപിച്ച് നിരോധനത്തിനായി നിയമനടപടി ആരംഭിച്ചിട്ട് 4 വർഷമായി. ജനപ്രതിനിധിസഭ കഴിഞ്ഞയാഴ്ച പാസാക്കിയ ബില്ലിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 2020 ൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടിക്–ടോക് നിരോധിച്ചെങ്കിലും നടപടി കോടതി തടഞ്ഞിരുന്നു.