ടിക്ക് ടോക്കിനെതിരെയായ നടപടി ചൈനീസ് ചാരവൃത്തി തടയാൻ : സെനറ്റര്‍ മരിയ കാന്‍റവെല്‍
Mail This Article
ഹൂസ്റ്റണ്‍ ∙ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധനം ഇന്ത്യ നടപ്പാക്കിയ പോലെ നടപ്പാക്കാൻ യുഎസിന് സാധിക്കുമോ എന്നാണ് ചോദ്യം. അമേരിക്കൻ യുവജനത ഏറെ ഇഷ്ടപ്പെടുന്ന ഈ ആപ് നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒരു വർഷത്തിനുള്ളിൽ ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് ടിക് ടോക്ക് വില്‍ക്കുന്നില്ലെങ്കില്‍ നിരോധിക്കുമെന്ന നിയമ നടപടികളിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവച്ചു കഴിഞ്ഞു. ഇസ്രയേൽ, യുക്രെയ്ൻ, തായ്വാൻ എന്നീ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന നിയമത്തിന് ഒപ്പമാണ് ടിക് ടോക് നിരോധന നിയമവും ബൈഡൻ ഒപ്പിട്ടിരിക്കുന്നത്. ആറു മാസം നീണ്ട പരിശ്രമത്തിനൊടുവില്ലാണ് ബിൽ പാർലമെന്‍റ് അംഗീകരിച്ചത്.
∙ ടിക് ടോകിന് മുന്നില്‍ ഇനിയെന്ത്?
യുഎസ് പ്രതിനിധി സഭയിലും സെനറ്റിലും പാസായ ബില്ലിൽ ബൈഡന്‍ ഒപ്പിട്ടതോടെ ഒൻപത് മാസത്തിനുള്ള ടിക്ക് ടോക്ക് വിൽക്കാൻ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് (ByteDance) നിർബന്ധിതമാകും. ഈ നിബന്ധന ഒരു വര്‍ഷം വരെ ആയി നീട്ടി നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടായിരിക്കും. അതിനുള്ളിൽ വിൽപന നടന്നില്ലെങ്കില്‍ യുഎസില്‍ ടിക്ക് ടോക്ക് നിരോധനം നേരിടേണ്ടിവരും.
∙ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ടിക് ടോക്ക്
ടിക് ടോക്ക് നിരോധനം നിയമനടപടികള്‍ നേരിടാനുള്ള ഒരുക്കത്തിലാണ് ടിക് ടോക്ക് എന്ന് പറഞ്ഞ സിഇഒ ഷൗ സി ച്യൂ ഈ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏഴ് ദശലക്ഷം അമേരിക്കൻ ബിസിനസുകളെയും 17 കോടിയിലധികം പേരെയും ഇത് ബാധിക്കുമെന്നും സിഇഒ ഷൗ സി ച്യൂ വാദിച്ചു. അമേരിക്കയെ ചൈനീസ് ചാരവൃത്തിയില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ' ഡെമോക്രാറ്റിക് സെനറ്റര്‍ മരിയ കാന്‍റവെല്‍ പറഞ്ഞു. ബൈറ്റ്ഡാന്‍സിനെയോ ടിക്‌ടോക്കിനെയോ മറ്റേതെങ്കിലും കമ്പനിയെയോ ശിക്ഷിക്കാനല്ല ഈ നടപടി. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും മരിയ കാന്‍റവെല്‍ വ്യക്തമാക്കി.