ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി വിഷു ആഘോഷിച്ചു
Mail This Article
ഹൂസ്റ്റൺ ∙ ഈ വർഷത്തെ വിഷുദിനം ആഘോഷമാക്കി ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. ഏപ്രിൽ 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം. കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട് നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴുതിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി നിഷ നായർ, ട്രഷറർ വിനീത സുനിൽ, ബോർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി, വിനോദ് മേനോൻ, വേണുഗോപാൽ, രതീഷ് നായർ, രശ്മി നായർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സമുദായത്തിലെ മുതിർന്നവർ പങ്കെടുത്തവർക്ക് വിഷു കൈനീട്ടം നൽകി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. GHNSS പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ഹരിഹരൻ നായർ നിർവഹിച്ചു. വിവിധ സേവന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ട് യൂത്ത് വിങ്ങും നൂതന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ബോർഡ് മെമ്പർ വിനോദ് മേനോനും വേറിട്ട് നിന്നു. സമുദായ അംഗങ്ങൾ തന്നെ തയാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
(വാർത്ത: ശങ്കരൻകുട്ടി)