സ്റ്റോമിയുടെ വെളിപ്പെടുത്തലില്‍ ഉലഞ്ഞ് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള നിരവധി കേസുകളില്‍ ഏറ്റവും അപമാനകരമായ കേസാണ് പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയേല്‍സുമായുള്ള 'ഹഷ് മണി' കേസ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കുന്നതിനായി പണം നല്‍കിയെന്ന കേസ് മുന്‍ പ്രസിഡന്റിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി. അതിനിടെയാണ് മാന്‍ഹട്ടന്‍ കോടതിമുറിയില്‍ 2006 ലെ ഇടപാടുകളെ കുറിച്ച് ഡാനിയേല്‍സ് ഏറ്റുപറയാന്‍ എത്തിയത്.
ക്രിമിനല്‍ വിചാരണയുമായി ബന്ധപ്പെട്ടാണ് സ്റ്റോമി ഡാനിയേല്‍സ് കോടതി മുറിയില്‍ എത്തി ട്രംപുമായുള്ള ബന്ധം തുറന്നു പറഞ്ഞത്. 2016-ല്‍ ഹിലറി ക്ലിന്റണെതിരായ തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊണ്ടിരിക്കേ, ട്രംപുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാനാണ് മുന്‍ പ്രസിഡന്റ് സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയത്. തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് ഫീസ് നല്‍കാനെന്ന വ്യാജേന ബിസിനസ് രേഖകള്‍ തിരുത്തി 1,30,000 ഡോളര്‍ സ്റ്റോമിക്ക് നല്‍കിയെന്ന കുറ്റമാണ് 77-കാരനായ ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബറില്‍ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമത്തിന് കോടതി മുറിയിലെ ഡാനിയല്‍സിന്റെ സാക്ഷ്യം തിരിച്ചടിയാകുമോ എന്ന് കണ്ടുതന്നെ അറിയണം.
ടഹോ തടാകത്തിലെ ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വച്ചാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയതെന്ന് ഡാനിയല്‍സ് പറഞ്ഞു. അന്ന് തനിക്ക് 27 വയസ്സായിരുന്നുവെന്നും ട്രംപിന് തന്റെ പിതാവിനേക്കാള്‍ പ്രായമുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് വ്യവസായി തന്നോടൊപ്പം അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപിന്റെ സുരക്ഷാ വിഭാഗത്തിലെ ഒരു അംഗം തന്നോട് പറഞ്ഞതായി അവര്‍ പറഞ്ഞു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ട്രംപ് താമസിച്ചിരുന്ന പെന്റ്ഹൗസില്‍ താന്‍ എത്തിയതും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളും ഡാനിയേല്‍സ് കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ ട്രംപ് ഈക്കാര്യം നിഷേധിച്ചു.
തന്റെ മുന്‍ ബോസിന്റെ കടുത്ത വിമര്‍ശകനായി മാറിയ കോഹന്‍, പ്രോസിക്യൂഷന്‍ സാക്ഷിയായി വിചാരണയില്‍ മൊഴി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ദിവസത്തിന് കൃത്യം ആറ് മാസം മുമ്പാണ് ട്രംപ് കോടതി മുറിയില്‍ എത്തുന്നത്. അധികാരത്തില്‍ തിരിച്ചെത്തുന്നതിനായി ബൈഡനെ പരാജയപ്പെടുത്താനുള്ള തീവ്രയത്‌നത്തിലാണ് ട്രംപ്. ഡാനിയേല്‍സിനെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കി കൊണ്ട് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു.