വൈറ്റ് ഹൗസിൽ ‘സാരെ ജഹാൻ സേ അച്ഛാ’ ആലപിച്ച് സംഗീതജ്ഞർ, പാനി പൂരികൾ വിളമ്പി ജീവനക്കാർ
Mail This Article
വാഷിങ്‌ടൻ∙ വൈറ്റ് ഹൗസിന്‍റെ ഇടനാഴിയിൽ മുഹമ്മദ് ഇഖ്ബാലിന്‍റെ ഐതിഹാസിക ഗാനമായ സാരെ ജഹാൻ സേ അച്ഛാ ആലപിച്ച് സംഗീതജ്ഞർ, കാണികൾക്ക് പാനി പൂരികൾ വിളമ്പി ജീവനക്കാർ. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ (AA, NHPI) ഹെറിറ്റേജ് മാസം വൈറ്റ് ഹൗസ് ആഘോഷിച്ചത്. ഏഷ്യൻ അമേരിക്കക്കാർ, തദ്ദേശീയരായ ഹവായികൾ, പസഫിക് ദ്വീപുകാർ എന്നിവരുടെ സംസ്കാരത്തെ ആദരിക്കുന്ന വൈറ്റ് ഹൗസ് ഇനിഷ്യേറ്റീവിന്‍റെയും പ്രസിഡന്‍റിന്‍റെ ഉപദേശക കമ്മീഷന്‍റെയും 25 –ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ വൈറ്റ് ഹൗസിനുള്ളിൽ നിന്നുള്ള കാഴ്ചകൾ സമൂഹമാധ്യമത്തിൽ പങ്കിട്ടു. ഇത് അമേരിക്കയിലെ ന്യൂനപക്ഷ സമുദായങ്ങളുടെയും രാജ്യത്തെ അവരുടെ ജീവിതത്തിന്‍റെയും ആഘോഷത്തിന്‍റെയും മനോഹര ദൃശ്യമാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
‘‘നൂറുകണക്കിന് വർഷങ്ങളായി നമ്മുടെ ഭൂമിയെ സ്വദേശമായി കരുതുന്ന തദ്ദേശീയരായ ഹവായികൾ, പസഫിക് ദ്വീപുവാസികൾ മുതൽ പുതുതായി വന്ന ഏഷ്യൻ കുടിയേറ്റക്കാരും, തലമുറകളായി ഇവിടെയുള്ള കുടുംബങ്ങളുടെ പൈതൃകവും നമ്മുടെ മഹത്തായ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇത് രാജ്യത്തെയും രാജ്യത്തിന്‍റെ ആത്മാവിനെ നിർവചിക്കുന്ന ശക്തിയുമാണ് ’’ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കൃത്യമായ പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും തുല്യത, നീതി, അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധത ശക്തമായി തുടരുമെന്ന് പ്രസിഡന്‍റ് ബൈഡൻ കൂട്ടിച്ചേർത്തു.