60 വർഷത്തിലേറെയായി യുഎസിൽ താമസം; ഡ്രൈവിങ് ലൈസൻസും വോട്ടർ ഐഡിയുമുള്ള ജിമ്മി തങ്ങളുടെ പൗരനല്ലെന്ന് അമേരിക്ക
Mail This Article
ഫ്ലോറിഡ∙ ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിച്ചതിന് ശേഷം ഫ്ലോറിഡയിലുള്ള ജിമ്മി ക്ലാസ് (66) യുഎസ് പൗരനല്ലെന്ന് അധികൃതർ. 60 വർഷത്തിലേറെയായി രാജ്യത്ത് താമസിക്കുന്ന ജിമ്മി അടുത്തിടെ സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്‍റ‌് പേപ്പറുകൾക്ക് അപേക്ഷിച്ചപ്പോഴാണ് പൗരനല്ലെന്ന് അധികൃതർ നിലപാട് സ്വീകരിച്ചത്.രണ്ട് വയസ്സുള്ള സമയത്ത് യുഎസിൽ എത്തിയ ജിമ്മി അന്നുമുതൽ രാജ്യത്ത് താമസിക്കുന്നു. സോഷ്യൽ സെക്യൂരിറ്റി കാർഡും ഡ്രൈവിങ് ലൈസൻസും വോട്ടർ റജിസ്ട്രേഷൻ കാർഡുമെല്ലാം ജിമ്മിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ഒന്നിലധികം തിരഞ്ഞെടുപ്പുകളിൽ താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും കൂടാതെ മറൈൻ കോർപ്സിലേക്കും പൊലീസ് സേനയിലേക്കും അവസരം ലഭിച്ചെങ്കിലും മറ്റൊരു ജോലിയാണ് തിരഞ്ഞെടുത്തത് എന്ന് ജിമ്മി പറഞ്ഞു.
‘‘ ആദ്യം സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്‍റിന് അർഹതയുണ്ടെന്ന് അധികൃതർ കത്ത് മുഖേന ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് താൻ യുഎസിലുണ്ടെന്ന് നിയമപരമായി തെളിയിക്കാത്തതിനാൽ അത് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചു’’ – ജിമ്മി വ്യക്തമാക്കി. ജീവിതകാലം മുഴുവൻ താൻ ഒരു യുഎസ് പൗരനാണെന്ന് വിശ്വസിച്ചു. ഇതുവരെ ആരും തന്നെ അറസ്റ്റ് ചെയ്യാൻ വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ നിന്നുള്ള പിതാവിന്‍റെയും കനേഡിയൻ വംശജയായ അമ്മയുടെയും മകനാണ് ജിമ്മി. പിതാവ് യുഎസ് പൗരനായതിനാൽ ജിമ്മിക്ക് പൗരത്വത്തിന് അവകാശമുണ്ട്.
താൻ ഒന്നിലധികം തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തു.പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് ഫെഡറൽ കുറ്റകൃത്യമാണ്. ഫോട്ടോ ഐഡി കാർഡ് ഉൾപെടെ എല്ലാ രേഖകളും കൈവശമുണ്ട്. ഞാനിവിടെ നിയമവിരുദ്ധമായി വന്നതല്ല. ജീവിതകാലം മുഴുവൻ സോഷ്യൽ സെക്യൂരിറ്റിക്കായി ഞാൻ നൽകിയ പണം നേടാൻ ഞാൻ ആയിരക്കണക്കിന് ഡോളറുകൾ ചെലവഴിച്ച് പൗരത്വം തെളിയിക്കേണ്ടി വരുന്നതായും ജിമ്മി കൂട്ടിച്ചേർത്തു.