യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം: ഒന്നാംഘട്ട ശുശ്രൂഷ യുഎസിൽ നടന്നു; വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം
Mail This Article
തിരുവല്ല∙ കാലംചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ യുഎസിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ് പീറ്റേഴ്സ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടന്നു.
കൊളംബോ– കിഗാലി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയൽ മാർ തിമോത്തിയോസ് സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ ഉൾപ്പെടെയുള്ള വൈദീകർ പങ്കെടുത്തു. ഭൗതികശരീരം അമേരിക്കൻ സമയം ഇന്നു വൈകിട്ട് 4 മുതൽ 8 വരെ ഡാലസിലെ റസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനു വയ്ക്കും.
മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം 20ന് രാവിലെ നാട്ടിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. 21നു കബറടക്ക ശുശ്രൂഷകൾ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും. കഴിഞ്ഞ 7ന് യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ 8നാണ് യോഹാൻ മെത്രാപ്പൊലീത്ത കാലം ചെയ്തത്.
∙ വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെ ഇടിച്ച വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മെത്രാപ്പൊലീത്തയുടെ മകനും ബിഷപ്പുമായ ഡാനിയൽ മാർ തീമോത്തിയോസ്. അദ്ദേഹം അപ്പോൾ തന്നെ വാഹനം നിർത്തി അതുവഴി കടന്നുവന്ന മറ്റൊരു വാഹനം നിർത്തിച്ച് അതിലുണ്ടായിരുന്നവർ വഴി പൊലീസിൽ വിവരം അറിയിച്ചു. അപകട വിവരം അറിഞ്ഞെത്തിയപ്പോൾ കണ്ടത് ആകെ തകർന്നിരിക്കുന്ന ഡ്രൈവറെയാണ്. അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേൽപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു – മാർ തിമോത്തിയോസ് പറഞ്ഞു.
അപകടമുണ്ടാക്കിയ ഡ്രൈവറോടു ക്ഷമിക്കാനും അദ്ദേഹത്തിന് മനോധൈര്യം ലഭിക്കാൻ പ്രാർഥിക്കാനും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്ത സൂം മീറ്റിങ്ങിൽ ഡാനിയൽ മാർ തിമോത്തിയോസ് ആഹ്വാനം ചെയ്തു.