പൊൻവിളക്കുകൾ തേച്ചുമിനുക്കുന്ന വിടപറയൽ
Mail This Article
മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനചരിത്രത്തിൽ എന്നും ഓർക്കപ്പെടുന്ന ഒരു പേരാണ് ബഹുമാനപ്പെട്ട ടി. എം. സക്കറിയ കോറെപ്പിസ്കോപ്പ. അമേരിക്കയിലെ ഭദ്രാസനത്തിന്റെ തുടക്കകാലത്തു ഇടവകൾ സംഘടിപ്പിക്കുകയും വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരുകൂട്ടം വൈദികരുടെ നിരയിൽനിന്നും ഒരു പേരുകൂടി കാലയവനികയിൽ ചേർക്കപ്പടുകയാണ്. ന്യൂയോർക്ക് സിറ്റിയിൽ ജാക്സൺ ഹയിറ്റ്‌സ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയം ഇന്നും അതിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ നിലനിൽക്കുന്നതിനു പിന്നിൽ അനേകരുടെ അദ്ധ്വാനവും ആവേശവും ഉണ്ട്. അതിനു ചുക്കാൻപിടിച്ച ഒരു ശ്രേഷ്‌ഠ വൈദികനാണ് ഇപ്പോൾ വിടപറയുന്നത്.
അച്ചൻ, 2006 മുതൽ 2018 വരെ തുളശ്ശേരി മണപ്പുറത്ത് തറവാട് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചു എന്ന് വായിച്ചപ്പോഴാണ് ചില കാര്യങ്ങൾ ഓർമ്മയിൽ എത്തിയത്. നാട്ടിൽ പോയപ്പോൾ, ഒൻപതാം നൂറ്റാണ്ടിലെ കൊല്ലത്തെ സിറിയൻ കുടിയേറ്റത്തിന്റെ 1200-ാം വാർഷികത്തിന്റെ ആഘോഷങ്ങൾ നടക്കുന്നതായി സുഹൃത്ത് ഫിലിപ്പ് മഠത്തിൽ ഓർമ്മപ്പെടുത്തിയിരുന്നു. അദ്ദേഹം തുളശ്ശേരി മണപ്പുറത്തു തറവാടിൻറെ തായ്‌വഴിയായ മാന്നാറിലെ മണലേൽ കുടുംബത്തിന്റെ പ്രവർത്തകനായിരുന്നു. അൽപ്പം ചരിത്രകാര്യങ്ങളോട് താല്പര്യമുള്ള ആളായതിനാൽ ആ ചരിത്ര മുഹൂർത്തത്തിൽ പങ്കുചേരുവാനായി അദ്ദേഹം ക്ഷണിച്ചു.
കൊല്ലത്തേക്കുള്ള സിറിയൻ കുടിയേറ്റത്തിൻ്റെ 1200-ാം വാർഷികത്തിന്റെ സ്മരണാർത്ഥം നടത്തപ്പെട്ട ഉദ്ഘാടനസമാപന യോഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ ഒരു കാലഘട്ടത്തിന്റെ അത്യപൂർവ്വമായ അടയാളപ്പെടുത്തലിനു സാക്ഷ്യം വഹിക്കുകയായിരുന്നു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ, ടി. പി. ശ്രീനിവാസൻ, വേൾഡ് കൗൺസിൽ ഓഫ് അരാമിയൻ പ്രതിനിധികളായ ഗിവർഗീസ് അസിസും ഡയാന അൽഫിയയും തുടങ്ങി നിരവധിപ്പേർ സംസാരിച്ച പ്രൗഡ ഗംഭീരമായ അനുസ്മരണ സമ്മേളനത്തിൽ പങ്കുചേർന്നത് ഓർക്കുന്നു.
അച്ചന്റെ ശ്രുതിമധുരമായ ആരാധനയും സംഘടനാമികവും എണ്ണിയിലെഒടുങ്ങാത്ത ഇടപെടലുകളും ഓർമ്മയിൽ നിറയുന്ന, ആയുസ്സിന്റെ വേലിയിറക്കത്തിലുള്ള ഒരുനിരവിശ്വാസികൾ അവിടവിടെയായി ഇപ്പോഴുമുണ്ട്. പുതിയ തലമുറക്ക് അവർ നിരത്തിവച്ചിരിക്കുന്ന നിക്ഷേപങ്ങൾക്കു പിന്നിൽ അവരുടെ വിയർപ്പും കണ്ണുനീരും ചേർന്ന അനർഘനിമിഷങ്ങളുണ്ട്. കാലപ്പഴക്കത്തിൽ പകിട്ടുകുറയുന്ന അത്തരം പൊൻവിളക്കുകൾ തേച്ചുമിനുക്കുകയാണ് ഇത്തരം വിടപറയൽ.