ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ചരിത്ര വിജയവുമായി മലയാളികൾ
Mail This Article
സാൻ അന്‍റോണിയോ ∙ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിക്കും അഭിമാനമായി സാൻ അന്‍റോണിയോ കൺവെൻഷൻ സെന്‍ററിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനം. ഈ സമ്മേളനത്തിൽ മലയാളികളായ കോളിങ് കൗണ്ടിലെ ഏബ്രഹാം ജോർജ് ടെക്സസ് റിപ്പബ്ലിക് പാർട്ടിയുടെ ചെയർമാനായും ഫോർട്ട് ബെൻഡ് കൗണ്ടി കൂടി ഉൾപ്പെടുന്ന മറ്റ് 17 കൗണ്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് സാക്കി ജോസഫ് സെനറ്റ് ഡിസ്ട്രിക്ട് 18 ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായും തിരഞ്ഞെടുക്കപ്പെട്ടു.
ഇതാദ്യമായിട്ടാണ് ഈ സ്ഥാനങ്ങളിലേക്ക് ഏഷ്യൻ വംശജർ തിരഞ്ഞെടുക്കപ്പെടുന്നത്. ഏബ്രഹാം ജോർജ് തന്നെ വിശ്വസിച്ച പാർട്ടിക്കും സഹപ്രവർത്തകർക്കും നന്ദി പറയുന്നതായി സ്വീകരണ പ്രസംഗത്തിൽ പറഞ്ഞു.യാഥാസ്ഥിതിക മൂല്യങ്ങളുടെ ഒരു നല്ല വക്താവാണ് ജോർജ് എന്ന് സ്ഥാനമൊഴിഞ്ഞ മുൻ ചെയർമാൻ മാറ്റ് റിനാൾഡി സൂചിപ്പിച്ചു. ജോർജിന്‍റെ നേതൃത്വത്തിൽ ടെക്സസ് ജി ഓ പി കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും ഇതുവരെ നമ്മൾ കണ്ട ദർശനം മുൻപോട്ട് കൊണ്ടുപോകുവാൻ ജോർജിന് സാധിക്കട്ടെ എന്നും റിനാൾഡി കൂട്ടിച്ചേർത്തു. നിലവിലെ കമ്മിറ്റിമാൻ ഹൗവാർഡ് ബാർക്കറിനെ തോൽപ്പിച്ചു കൊണ്ടാണ് ഡിസ്ട്രിക്ട് 18ൽ നിന്ന് സ്റ്റേറ്റ് റിപ്പബ്ലിക്കൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റിമാനായി 60 ശതമാനം വോട്ട് നേടി സാക്കി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്.