സ്പെല്ലിങ് ബീ: ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക്, 41.68 ലക്ഷം രൂപ സമ്മാനം
Mail This Article
വാഷിങ്ടൻ ∙ രാജ്യാന്തര ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീയിൽ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക്. ഫ്ലോറിഡയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളർ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ നൽഗോണ്ടയിൽ നിന്നുള്ളവരാണ് ബൃഹദിന്റെ മാതാപിതാക്കൾ.
ഫൈസാൻ സാക്കി എന്ന വിദ്യാർഥിയുമായി ഇഞ്ചോടിഞ്ച് ബൃഹദ് പൊരുതി നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. തുടർന്നുള്ള ലൈറ്റ്നിങ് റൗണ്ടിൽ 90 സെക്കൻഡിൽ 29 വാക്കുകളുടെ സ്പെല്ലിങ് ബൃഹദ് പറഞ്ഞു. ഫൈസാന് 20 വാക്കുകൾ പറയാനേ സാധിച്ചുള്ളൂ. ആകെ 30 വാക്കുകളാണ് ചോദിച്ചത്. ഇതോടെ 2022 ൽ ഹരിണി ലോഗൻ എന്ന ഇന്ത്യൻ വംശജ സ്ഥാപിച്ച റെക്കോർഡ് ബൃഹദ് മറികടന്നു. 26 വാക്കുകൾ ചോദിച്ചതിൽ 22 വാക്കുകൾ പറഞ്ഞാണ് ഹരിണി അന്ന് ചാംപ്യനായത്.
12 വയസ്സുകാരനായ ബൃഹദിന് ഭഗവത് ഗീതയുടെ 80 ശതമാനവും കാണാപ്പാഠമാണെന്ന് രക്ഷകർത്താക്കൾ പറഞ്ഞു. മൂന്നാം തവണയാണ് മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണത്തെ സ്പെല്ലിങ് ബീയിലും ഇന്ത്യൻ വംശജരുടെ ആധിപത്യം പ്രകടമായിരുന്നു. 8 ഫൈനലിസ്റ്റുകളിൽ 5 പേരും ഇന്ത്യൻ വേരുകളുള്ളവരാണ്. മൂന്നാം സ്ഥാനം പങ്കിട്ട ഷ്രേ പരീഖും അനന്യ പ്രസന്നയും ഇതിൽ ഉൾപ്പെടും.