ട്രംപ് കുറ്റക്കാരൻ; ശിക്ഷ ജൂലൈ 11ന്; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ല
Mail This Article
ന്യൂയോർക്ക് ∙ രതിചിത്ര നടിക്കു പണം കൊടുത്തതു മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന കേസിൽ യുഎസ് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് (77) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഇതാദ്യമായാണ് ഒരു ക്രിമിനൽക്കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് കുറ്റക്കാരനെന്നു കണ്ടെത്തുന്നത്. ജൂലൈ 11നു ജഡ്ജി ശിക്ഷ വിധിക്കും.
ഇത്തരം കേസിൽ കൂടുതലും പിഴശിക്ഷയാണു വിധിക്കുക. 1–4 വർഷം തടവാണു പരമാവധി ശിക്ഷ. ശിക്ഷിക്കപ്പെട്ടാലും ട്രംപിനു നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കില്ല. ഏകകണ്ഠമായ തീരുമാനമാണു മൻഹാറ്റൻ കോടതിയിലെ 12 അംഗ ജൂറിയെടുത്തത്. പൂർവ ബന്ധം പുറത്തുപറയാതിരിക്കാൻ 1.30 ലക്ഷം ഡോളറാണു രതിചിത്രനടി സ്റ്റോമി ഡാനിയേൽസിനു നൽകിയത്. ഇതിന്റെ തെളിവു മായ്ക്കാനായി രേഖകളിൽ കൃത്രിമം നടത്തിയത് 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപാണ്. ഇതു തിരഞ്ഞെടുപ്പുനിയമ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.