ന്യൂയോര്‍ക്കില്‍ മലയാളി പൈതൃകാഘോഷം ഹൃദയഹാരിയായി
Mail This Article
ന്യൂയോര്‍ക്ക് ∙ സെനറ്റര്‍ കെവിന്‍ തോമസിന്റെ നേതൃത്വത്തില്‍ മലയാളി പൈതൃകാഘോഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലെജിസ്ലേച്ചറില്‍ അരങ്ങേറിയത് അത്യന്തം ഹൃദയഹാരിയായി. സെനറ്റ് സെഷന് തുടക്കംകുറിച്ച് മാര്‍ത്തോമാ സഭാ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മലയാളത്തിലും തുടര്‍ന്ന് ഇംഗ്ലീഷിലും പ്രാര്‍ഥന ചൊല്ലി.
തുടര്‍ന്ന് പൈതൃകാഘോഷങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം സെനറ്റര്‍ കെവിന്‍ തോമസ് അവതരിപ്പിച്ചത് സെനറ്റ് പാസാക്കി. സെനറ്റര്‍മാരായ ഷെല്ലി മേയര്‍, ജോണ്‍ ലൂ തുടങ്ങിയവരും മലയാളി സമൂഹത്തെ പ്രശംസിക്കുകയും പ്രമേയത്തെ അംഗീകരിച്ച് സംസാരിക്കുകയും ചെയ്തു. ഏകകണ്ഠമായി പാസായ പ്രമേയം പിന്നീട് അസംബ്ലിയില്‍ അസംബ്ലിമാന്‍ കെന്‍ സെബ്രോസ്‌കി, ജെന്നിഫര്‍ രാജ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ അവതിരിപ്പിച്ച് പാസാക്കി.
കേരളത്തിന്റെ ലഘു ചരിത്രം കെവിന്‍ തോമസ് ചൂണ്ടിക്കാട്ടി. സേവന-സംഘടനാ രംഗത്തു ശ്രദ്ധേയരായ അജിത് കൊച്ചുസ്, ബിജു ചാക്കോ എന്നിവരായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നാസാ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ കൂടിയാണ് അജിത് കൊച്ചൂസ്.
ആറു വര്‍ഷത്തിനുശേഷം സെനറ്റര്‍ കെവിന്‍ തോമസ് വിരമിക്കുകയാണെന്നതില്‍ ഏവരും ഖേദം പ്രകടിപ്പിച്ചു. മറ്റൊരു ഉയര്‍ന്ന തസ്തികയില്‍ അദ്ദേഹം എത്തുമെങ്കിലും മലയാളി സമൂഹത്തിന് ഒരു സെനറ്റര്‍ ഇല്ലാതാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വൈദികർ, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന നേതാവ് ലീല മാരേട്ട്, ഫോമ നേതാവ് പി.ടി. തോമസ്, ഷൈമി ജേക്കബ്, ക്വീന്‍സില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ കോശി തോമസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ ഓഫ് നോർത്ത് അമേരിക്ക (ഫിയക്കൊന) പ്രസിഡന്റ് കോശി ജോർജ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. ചടങ്ങുകള്‍ ഭംഗിയാക്കിയ സെനറ്ററുടെ ഓഫിസിലെ സ്റ്റാഫ് ഡോണക്കും അജിത്ത് കൊച്ചുസിനും ഏവരും പ്രത്യേകം നന്ദി പറഞ്ഞു.