വിമാനത്തിലെ ബോംബ് 'ഭീഷണി'ക്കു പിന്നിൽ കൗമാരക്കാരൻ; പൊലീസിനു കണ്ടുപിടിക്കാൻ കഴിയുമോ എന്ന 'പരീക്ഷണം'
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണിക്കു പിന്നിൽ ഉത്തർപ്രദേശിൽ നിന്നുള്ള 13 വയസ്സുകാരൻ. ഭീഷണി സന്ദേശത്തിനു പിന്നിലുള്ള വ്യക്തിയെ കണ്ടുപിടിക്കാൻ പൊലീസിനു കഴിയുമോ എന്നു പരീക്ഷിക്കാനാണ് സന്ദേശമയച്ചതെന്ന് കൗമാരക്കാരൻ പറയുന്നു. കുട്ടിയെ ഡൽഹിയിൽ എത്തിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഡൽഹിയിൽ നിന്ന് ടൊറന്റോയ്ക്ക് പുറപ്പെടാനുള്ള എയർ കാനഡയുടെ എസി–043 വിമാനത്തിൽ ബോംബുണ്ടെന്ന് കഴിഞ്ഞ 4നാണ് പൊലീസ് സ്റ്റേഷനിൽ ഇ–മെയിൽ സന്ദേശമെത്തിയത്. ഉടൻ പൊലീസ് ജാഗ്രതാ നിർദേശം നൽകി. വിമാനത്താവളത്തിലും പരിസരത്തും ഹൈ അലർട്ട് പ്രഖ്യാപിച്ചു. വിമാനം പരിശോധിച്ചതോടെ ഭീഷണി വ്യാജമെന്നു കണ്ടെത്തി.
എയർ കാനഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തുടർന്നുള്ള അന്വേഷണത്തിലാണ്, മീററ്റിൽ കൗമാരക്കാരന്റെ വീട്ടിലെത്തിയത്. അമ്മയുടെ ഫോണിൽ നിന്നുള്ള വൈഫൈ ഉപയോഗിച്ച് കൗമാരക്കാരൻ സ്വന്തം ഫോണിൽ നിന്ന് സന്ദേശമയച്ചത്. മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെന്ന വാർത്ത ടിവിയിൽ കണ്ടതിനു ശേഷമാണ് ഇങ്ങനെയൊരു സന്ദേശമയയ്ക്കാൻ പദ്ധതിയിട്ടതെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു.