കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുമോയെന്ന ചർച്ചയിലാണ് അമേരിക്കൻ ജനത.പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് താൻ വിജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മിഷിഗനിലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തപ്പോൾ ‘ഇസ്ലാമിക ഭീകരരെ' രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രസിഡന്‍റിനായി നവംബറിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് അനുയായികളോട് അഭ്യർഥിച്ചത്.
∙കുടിയേറ്റക്കാര്‍ ജോലിയും വിഭവങ്ങളും സ്വന്തമാക്കുന്നു
മിഷിഗനിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജോലിയും സര്‍ക്കാര്‍ വിഭവങ്ങളും കുടിയേറ്റക്കാര്‍ സ്വന്തമാക്കുന്നതായി ട്രംപ് ആരോപിച്ചു. അതിര്‍ത്തി കടന്നെത്തുന്ന ആളുകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ അവര്‍ നമ്മുടെ കറുത്തവര്‍ഗ്ഗക്കാര്‍ക്കും നമ്മുടെ ഹിസ്പാനിക് ജനതയ്ക്കും വലിയ ദോഷം വരുത്തുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ജോ ബൈഡനുമായിട്ടാണ് ട്രംപിന്‍റെ പോരാട്ടം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3 ശതമാനത്തില്‍ താഴെ പോയിന്‍റിന് ബൈഡന്‍ വിജയിച്ച മിഷിഗൻ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.