ഉദാര കുടിയേറ്റ നയവുമായി ബൈഡൻ; യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് അപേക്ഷിക്കാം, 5 ലക്ഷത്തോളം പേർക്കു പ്രയോജനം
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം പൗരത്വം ലഭിക്കും.
പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചയാളായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ചായിരിക്കണം ഇത്. യോഗ്യതാമാനദണ്ഡങ്ങളെല്ലാം അനുകൂലമായ അപേക്ഷകൻ/അപേക്ഷകയ്ക്ക് 3 വർഷത്തിനുള്ളിൽ ഗ്രീൻ കാർഡിന് അടുത്ത അപേക്ഷ നൽകാം. ഇക്കാലയളവിൽ താൽക്കാലിക തൊഴിലനുമതി ലഭിക്കും. യുഎസിൽനിന്നു തിരിച്ചയയ്ക്കാതിരിക്കാനുള്ള പരിരക്ഷയും ലഭിക്കും.
ഇത്തരം ദമ്പതികൾക്കു ജനിക്കുന്ന കുട്ടികൾക്കും ഇതുപോലെ ഗ്രീൻ കാർഡ് ലഭിക്കും. ഏകദേശം അരലക്ഷം കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടും. കുട്ടികളിലും കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ളതാണു പരിഗണിക്കുക. കുടിയേറ്റക്കാരായ കുട്ടികൾക്ക് പൗരത്വം നൽകുന്നതിനായി ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ തുടക്കമിട്ട ജനകീയ പദ്ധതിയുടെ ചുവടുപിടിച്ചാണ് ബൈഡന്റെ പരിഷ്കാരം. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു ബൈഡന്റെ ഉദാരനീക്കമെന്നതും ശ്രദ്ധേയം.