ഫാമിലി-യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
Mail This Article
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ്റെ ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസ് പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിനും ആത്മീയ നേതൃത്വത്തിനും പുറമെ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം, ഫാ. സെറാഫിം മജ് മുദാർ, ഫാ. ജോയൽ മാത്യു എന്നിവർ കോൺഫറൻസിൽ പ്രഭാഷകരായിരിക്കും.
കോട്ടയം ഭദ്രാസനത്തിലെ മീനടം സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗമാണ് ഫാ.ഡോ. വർഗീസ് വർഗീസ്. നിലവിൽ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയായും മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായും ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. മലങ്കര സഭയിലെ സുവിശേഷ പ്രാസംഗികരുടെ ശ്രേണിയിൽ പ്രശസ്തമായ മുഖമാണ് ഫാ.ഡോ.വർഗീസ് വർഗീസ്.
അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ സാൻ ഫ്രാൻസിസ്കോ മെട്രോപോളിസിൽ നിന്നുള്ള പുരോഹിതനാണ് സെറാഫിം മജ് മുദാർ. ഗുജറാത്തി കുടിയേറ്റ മാതാപിതാക്കളുടെ മകനായ അദ്ദേഹം ഹിന്ദു മതത്തിലാണ് വളർന്നത്. ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത അദ്ദേഹം ഒടുവിൽ ഒരു പുരോഹിതനായി നിയമിക്കപ്പെട്ടു. ഇപ്പോൾ കാലിഫോർണിയയിലെ സെൻ്റ് ലോറൻസ് ഓർത്തഡോക്സ് പള്ളിയിലെ വൈദികനായി ഫാ. സെറാഫിം സേവനം അനുഷ്ഠിക്കുന്നു.
അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഫാർമേഴ്‌സ് ബ്രാഞ്ച് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ അംഗമാണ് ഫാ. ജോയൽ മാത്യു. 2011-ൽ സെൻ്റ് ടിഖോൺസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ദിവ്യത്വത്തിൽ ബിരുദം നേടി. നിലവിൽ ടെക്സസിലെ ഡാളസ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നു. യുവാക്കൾക്കിടയിൽ നടത്തുന്ന വിശിഷ്ട സേവനം മൂലം ശ്രദ്ധേയമായ വ്യക്തിത്വമാണ് ഫാ. ജോയൽ മാത്യു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാൻകസ്റ്ററിലെ വിൻധം റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.