കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതക കേസിൽ പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
Mail This Article
ഡാലസ് ∙ നോർത്ത് ടെക്‌സസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതക കേസിൽ ദാവോന്ത മാത്തിസിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസന്‍റ് ഗ്രോവിലും മെസ്‌കൈറ്റിലുമായി നടന്ന കൊലപാതകങ്ങളിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്ലസന്‍റ് ഗ്രോവിൽ സ്ഥിതി ചെയ്യുന്ന ഫോക്സ് ഗ്യാസ് സ്റ്റേഷനിൽ വച്ച് ഗോപി കൃഷ്ണ ദാസരി (32) യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പണം അപഹരിച്ചതാണ് ദാവോന്ത മാത്തിസിനെതിരായുള്ള ആദ്യത്തെ കുറ്റം. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദാസരി പിന്നീട് മരണമടഞ്ഞു.
ഇന്ത്യയിൽ നിന്നും അടുത്തിടെ അമേരിക്കയിലേക്ക് കുടിയേറിയ കഠിനാധ്വാനിയായിരുന്നു ദാസരിയെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞു. ഭാര്യയും ഒരു കുഞ്ഞുമുണ്ടായിരുന്ന ദാസരി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഒരു സാധാരണ കൺവീനിയൻസ് സ്റ്റോർ ജീവനക്കാരനായിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.ജൂൺ 20ന് മെസ്‌കൈറ്റിലെ മറ്റൊരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തിലും ദാവോന്ത മാത്തിസിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.