1.5 മില്യൻ ഡോളറിന്റെ തട്ടിപ്പ്: ഇന്ത്യൻ അമേരിക്കൻ ഡോക്ടർ കുറ്റം സമ്മതിച്ചു
Mail This Article
വാഷിങ്‌ടൻ∙ ഷിക്കാഗോയിൽ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ മോനാ ഘോഷ (51) തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി. പ്രോഗ്രസീവ് വിമൻസ് ഹെൽത്ത്‌കെയർ ഉടമയും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റുമായ ഡോ. ഘോഷ നിലവിലില്ലാത്തതും നൽകാത്തതുമായ ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് തട്ടിപ്പ് നടത്തുകയായിരുന്നു.
2018 മുതൽ 2022 വരെ ഡോ. ഘോഷ മെഡികെയ്‌ഡ്, ട്രികെയർ തുടങ്ങിയ നിരവധി ഇൻഷുറർമാർക്ക് ഇല്ലാത്ത സേവനങ്ങൾക്കായി വ്യാജ ക്ലെയിമുകൾ സമർപ്പിച്ചു. റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകൾക്കായി രോഗികളുടെ വ്യാജ മെഡിക്കൽ രേഖകൾ തയ്യാറാക്കി 1.5 മില്യൻ ഡോളറിലധികം തുക തട്ടിയെടുത്തതായി ഡോ. ഘോഷ കുറ്റസമ്മതം നടത്തി.
ഡോ. ഘോഷിനെതിരെ രണ്ട് കേസുകളാണ് നിലനിൽക്കുന്നത്. ഓരോ കേസിലും പത്തു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫ്രാങ്ക്ലിൻ യു വാൽഡെർ ഈ കേസിൽ ഒക്ടോബർ 22 ന് ശിക്ഷ വിധിക്കും.