ADVERTISEMENT

ഫിലഡൽഫിയ പൊലീസ് സർജന്‍റിന്‍റെ ഓഫിസിൽ നിന്ന് മലയാളം കേട്ടാൽ അതിശയിക്കേണ്ട. കാരണം അമേരിക്കൻ പൊലീസ് സേനയിൽ 11 റാങ്കുകളിൽ നാലമത്തെ  റാങ്കായ സർജന്‍റ് പദവിയിൽ ഫിലഡൽഫിയയിൽ സേവനം ചെയ്യുന്നത് പത്തനാപുരംക്കാരൻ ബ്ലെസൺ മാത്യുവാണ്. 18–ാം വയസ്സിൽ കുടുംബമായി അമേരിക്കയിലെത്തിയ ബ്ലെസൺ ഇന്നും മലയാളത്തെയും മലയാളികളെയും ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് അമേരിക്കയിൽ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നത്. 

പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാഭാസത്തിന് ശേഷം ബ്ലെസണ് നാട്ടിൽ തന്നെ ബികോംമിന് പ്രവേശനം ലഭിച്ചു. പക്ഷേ നാട്ടിൽ കോളജിൽ ചേരുന്നതിന് പകരം അമേരിക്കയിലേക്ക് ചേക്കേറി. . 2008ൽ അമേരിക്കയിലെത്തിയ ബ്ലെസൺ പഠനവും ജോലിയും ഒപ്പത്തിനൊപ്പം കൊണ്ടു പോയി. ആദ്യ നാളുകളിൽ ഭാഷയും പുതിയ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനും പ്രയാസം നേരിട്ടു. അഞ്ച് വർഷത്തിന് ശേഷം യുഎസ് പൗരത്വം സ്വീകരിച്ചു.

blesson-mathew-us-police7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

 കാഷ്യർ മുതൽ ഫാർമസി ടെക് വരെ ഏകദേശം ആറ് വ്യത്യസ്ത ജോലികൾ ചെയ്ത ശേഷമാണ് ബ്ലെസൺ പൊലീസ് സേനയിൽ ചേരുന്നത്. ഓരോ ജോലിയും തന്‍റെ മികവ് പരീക്ഷിക്കുക മാത്രമല്ല, കമ്മ്യൂണിറ്റി സേവനത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയായിരുന്നു.  അമേരിക്കയിലെ നിയമപാലകരിൽ നിന്നു ലഭിച്ച സഹകരണം തന്നെയാണ് തനിക്കും പൊലീസാകണമെന്ന ആഗ്രഹത്തിന് ആക്കം കൂട്ടിയതെന്ന് ബ്ലെസൺ മനോരമ ഓൺലൈനോട് പറഞ്ഞു.

blesson-mathew-us-police8
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സഹായത്തിനായി വിളിച്ചപ്പോഴെല്ലാം നിയമപാലകരുടെ സഹകരണ മനോഭാവം സന്തേഷം നൽകുന്നതായിരുന്നു. കൂടാതെ ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ മലായാളികളുടെ എണ്ണവും വളരെ കുറവായിരുന്നു. താനൊരു പൊലീസാവുകയാണെങ്കിൽ മലയാളി കമ്മ്യൂണിറ്റിയെ കൂടുതലായി സഹായിക്കാൻ കഴിയുമെന്നും കൂടാതെ അഭിമാനവും സന്തോഷവും ഈ ജോലി നൽകുമെന്നും വിശ്വാസമുണ്ടായിരുന്നു.

blesson-mathew-us-police2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2017 ലാണ് പൊലീസ് ഡിപ്പാർട്ടമെന്‍റിലേക്ക് ബ്ലെസൺ ചേരുന്നത്. തുടക്ക സമയത്ത് പ്രതിസന്ധികൾ നേരിട്ടിരുന്നു. വൈകുന്നേരം 6 മണി മുതൽ രാവിലെ 2 മണി വരെയായിരുന്നു ജോലിസമയം. അവിടെ നിന്നും സ്ഥാനകയറ്റം ലഭിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അമേരിക്കൻ പൊലീസ് സിസ്റ്റം അനുസരിച്ച് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ പ്രവർത്തിപരിചയത്തോടൊപ്പം ഓരോ റാങ്കുകളിലേക്കുള്ള സിവിൽ പരീക്ഷയിലും ഫിസിക്കൽ ടെസ്റ്റിലും വിജയിക്കണം. വെറും രണ്ട് വർഷത്തിനുള്ളിൽ രണ്ട് തവണയാണ് ബ്ലെസന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2023 നവംബർ 22 നാണ്  കോർപ്പറൽ (corporal)റാങ്കിൽ നിന്നും ബ്ലെസ്സൺ സർജന്റായി ഉയർന്നത്. ഇനി അടുത്ത സ്ഥാനകയറ്റത്തിനായി ഒരു വർഷം കാത്തിരുന്ന് പരീക്ഷ എഴുതണമെന്നും ബ്ലെസ്സൺ പറയുന്നു.

blesson-mathew-us-police1
ബ്ലെസൺ മാത്യു പിണറായി വിജയനൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിദ്യാഭ്യസം ഉണ്ടെങ്കിലും അതില്ലെങ്കിലും അമേരിക്കയിൽ ജോലി ലഭിക്കും. എന്നാൽ സുരക്ഷിതമായ ജോലിയിൽ നിൽക്കാതെ കഴിവുകൾ പരമാവധി കഴിവ് തെളിയിക്കാനും ഉയർച്ച ലഭിക്കുന്ന ജോലിക്കായി പരിശ്രമിക്കണം. സ്റ്റുഡന്‍റ് വീസകളിൽ എത്തുന്നവരാണെങ്കിലും അല്ലാതെ കുടിയേറ്റം നടത്തുന്നവരാണെങ്കിലും പ്രശ്നങ്ങളിൽ പെട്ടുപോകാൻസാധ്യതയുണ്ട്.  പൊലീസ് ഡേറ്റ സിസ്റ്റത്തിൽ പേര് വന്നാൽ സർക്കാർ ജോലി ലഭിക്കാനും ബുദ്ധിമുട്ടാണ്. അതിനാൽ പ്രശ്നങ്ങളിൽ പെടാതെ ശ്രദ്ധിക്കാനും ബ്ലെസ്സൺ പറയുന്നു.

blesson-mathew-us-police3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫിലഡൽഫിയയിലെ മലയാളി അസോസിയേഷനുകളിലെ സജീവ പ്രവർത്തകനാണ് സർജന്‍റ് ബ്ലെസ്സൺ മാത്യു. നിലവിൽ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്‍റ് യുണൈറ്റഡിന്‍റെ (എഎംഎൽഇയു) ട്രഷററാണ് ബ്ലെസ്സൺ. പെൻസിൽവേനിയ ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്‍റ്  (പിഎഎഎൽഇഎ) അംഗവുമാണ് അദ്ദേഹം. അമേരിക്കയിലെ മലായാളി സമൂഹത്തെ സഹായിക്കാൻ കഴിയുന്നതിലും, പലർക്കും പ്രചോദനവും മാതൃകയുമാകാൻ കഴിയുന്നതിലും ബ്ലെസ്സൺ സന്തേഷം പങ്കുവയ്ക്കുന്നു. ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ എന്നിവയക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ നാലമത്തെ പൊലീസ് ഡിപ്പാർട്ട്മെന്‍റിലാണ് ബ്ലെസൺ മാത്യുവിന്‍റെ സേവനം. 

English Summary:

Blesson Mathew Becames the First Malayali Sergeant in the Philadelphia Police Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com