‘ദി വുമൺ ഇൻ മിഷിഗൻ’ വരണം, ബൈഡൻ മാറണം; ആവശ്യം ശക്തമാകുന്നു
Mail This Article
മിഷിഗൻ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിൻമാറാനുള്ള സാധ്യതകൾ ചർച്ചയാകുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായി പല പേരുകളും അമേരിക്കയിൽ ചർച്ചയാകുന്നുണ്ട്. താൻ പിന്മാറില്ലെന്നാണ് ബൈഡൻ ആവർത്തിക്കുന്നത്. പ്രചാരണത്തിന് സംഭാവനകൾ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഒരാഴ്ച മുൻപ് ഏതാണ്ട് നിലച്ച മട്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഇവ വീണ്ടും പുനരാരംഭിച്ചു. ബൈഡൻ പിൻവാങ്ങിയാലും മത്സരരംഗത്തു വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉണ്ടെങ്കിൽ പ്രചാരണ ഫണ്ട് ഉപയോഗിക്കുവാൻ വഴികൾ കണ്ടെത്തിയതായി ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങൾ പറയുന്നു. പ്രചാരണ ഫണ്ടുകളുടെ കളക്ഷൻ രണ്ടു പാർട്ടികളും തീവ്രമായി തുടരുകയാണ്.
മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റുമെറിന്‍റെ പേര് അനുയായികൾ വീണ്ടും ഉയർത്തിക്കൊണ്ടു വരികയാണ്. മിഡ് വെസ്റ്റേൺ മേഖലയിൽ റിപ്പബ്ലിക്കനുകൾ തങ്ങളുടെ ആധിപത്യം നിലനിർത്തുമ്പോൾ ഇവർ മാത്രമാണ് ഒറ്റയ്ക്ക് തല ഉയർത്തി നിന്ന് അവരെ നേരിടുന്നതെന്നാണ് അനുയായികൾ പറയുന്നത്. ദി വുമൺ ഇൻ മിഷിഗൻ എന്നാണ് ട്രംപ് ഇവരെ വിശേഷിപ്പിക്കുന്നത്.
മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന ട്രംപിന്‍റെ മുദ്രാവാക്യത്തിന് ബദലായി ഇപ്പോൾ ബൈഡൻ ലെറ്റ് അസ് ബിൽഡ് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന തല വാചകം മുന്നോട്ടു വച്ചിരിക്കുകയാണ്. ബൈഡൻ പങ്കെടുത്ത കോൺഗ്രിഗേഷനിൽ പാസ്റ്റർ എല്ലാവരോടും എഴുന്നേൽക്കാൻ പറഞ്ഞപ്പോൾ ബൈഡൻ ഇരുപ്പു തുടർന്നു. ഇതും മാധ്യമങ്ങൾ പ്രാമുഖ്യത്തോടെ റിപ്പോർട്ട് ചെയ്തു.
ബൈഡനെ മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗനുമായി പലരും താരതമ്യം ചെയ്യാറുണ്ട്. കാരണം 1980-ൽ റീഗൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിത്തിനു 69 വയസ്സുണ്ടായിരുന്നു. അന്ന് റീഗൻ പറഞ്ഞ മറുപടി തനിക്കു എപ്പോഴെങ്കിലും പ്രസിഡന്‍റിന്‍റെ ജോലികൾ ചെയ്യുവാൻ കഴിയില്ല എന്ന് ബോധ്യപെട്ടാൽ താൻ രാജി വയ്ക്കും എന്നായിരുന്നു. മറ്റാർക്കെങ്കിലും എന്നെങ്കിലും തനിക്കു പ്രസിഡന്‍റിന്‍റെ ജോലികൾ ചെയ്യുവാൻ കഴിയുന്നില്ല എന്ന് ബോധ്യപെട്ടാലും താൻ പ്രസിഡന്‍റായി തുടരുക ഇല്ല എന്നും കൂട്ടിച്ചേർത്തു. ആദ്യ ഊഴം കഴിഞ്ഞു റീഗൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും നാല് വർഷം കൂടി പ്രസിഡന്‍റായി തുടരുകയും ചെയ്തു. പക്ഷെ ബൈഡനു 69 അല്ല പ്രായം. 81 കഴിഞ്ഞിരിക്കുന്നു. പ്രായം ഒരു പ്രശ്‍നം ആവേണ്ടതില്ല. ശാരീരിക ക്ഷമതയാണ് പ്രധാനം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോളെല്ലാം തന്‍റെ ശാരീരിക ക്ഷമത കാഴ്ചക്കാരെ ബോധ്യപ്പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന ബൈഡനെയാണ് കാണുന്നത്.
'ഞാൻ മത്സരിക്കുകയാണ്. മത്സര രംഗത്ത് നിന്ന് എന്നെ ആർക്കും മാറ്റാൻ കഴിയില്ല' ബൈഡൻ ആവർത്തിച്ച് പറയുന്ന സന്ദേശം ഇതാണ്. മറ്റൊരാളിന്‍റെ ക്ഷയിക്കുന്ന ആരോഗ്യ അവസ്ഥ കാഴ്ചക്കാർക്ക് പെട്ടെന്ന് മനസിലാകും. ഡിബേറ്റിൽ ബൈഡൻ വല്ലാതെ വിഷമിക്കുന്നത് എല്ലാവരും കണ്ടതാണ്- എല്ലാ ഘടകങ്ങളും ബൈഡനു അനുകൂലമായിരിന്നിട്ടു കൂടി. നീണ്ട പ്രചാരണ നാളുകളിലെ യാത്രയും ശാരീരികമായി വേണ്ടി വരുന്ന കഠിനാധ്വാനവും പ്രസിഡന്‍റിനു താങ്ങാനാവുമോ എന്ന ചോദ്യത്തിന് വലിയ പ്രസക്തി ഉണ്ടാവും.