ബൈഡന് പകരം താൻ വരില്ല; നിലപാട് വ്യക്തമാക്കി ഗ്രെച്ചൻ വിറ്റമേർ
Mail This Article
മിഷിഗൻ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയാൽ താൻ പകരക്കാരിയാകില്ലെന്ന് മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റമേർ. സംസ്ഥാനത്തു കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗ്രെച്ചൻ വിറ്റമേർ പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നു എന്ന് പറയുന്നത് തന്നെ തന്റെ പ്രവർത്തി മണ്ഡലത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണെന്നും ഗ്രെച്ചൻ കൂട്ടിച്ചേർത്തു.
മറ്റു ചില സംസ്ഥാന ഗവർണർമാരും തങ്ങൾ ബൈഡനു പകരക്കാരാവുകയില്ലെന്ന് പറഞ്ഞു. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, ഇല്ലിനോയ് ഗവർണർ ജെ ബി പ്രിറ്റ്‌സ്‌കേർ, പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർ തങ്ങളുടെ വക്‌താക്കൾ മുഖേനയാണ് ബൈഡന് പകരക്കാരൻ ആകാൻ ഇല്ലെന്നു പറഞ്ഞത്.
സെനറ്റർ പാറ്റി മറെ (വാഷിങ്‌ടൻ), മെമ്പർ ഓഫ് ഡെമോക്രാറ്റിക് ലീഡര്ഷിപ് ആൻഡ് പ്രസിഡന്‍റ് പ്രൊ ടെമ്പർ ഓഫ് ദി സെനറ്റ് ബൈഡനോട് തനിക്കു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തോൽപ്പിക്കുവാൻ കഴിയും എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. പിന്മാറാൻ നേരിട്ട് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ഏതാണ്ട് ഇത് തന്നെ ആണെന്ന് നിരീക്ഷകർ പറയുന്നു.
കൂടുതൽ ഊർജസ്വലനായ ഒരു പ്രചാരകനെയാണ് നമുക്ക് കാണേണ്ടത് എന്നും അവർ കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ നിന്നുള്ള ഡെമോക്രാറ്റിക് റപ്രസെന്‍ററ്റീവ് ആദം സ്മിത്ത് ബൈഡൻ മാറി നിൽക്കണമെന്നും മറ്റൊരാൾക്ക് നോമിനേഷൻ നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധി സഭയിൽ നിന്നുള്ള ഒൻപതു അംഗങ്ങളാണ് ബൈഡൻ മാറി നില്കണമെന്നാവശ്യപെടുന്നത്. സ്മിത്ത് അവരിൽ ഒരാളാണ്.