ജോ ബൈഡന് മത്സരത്തിൽ നിന്ന് പിന്മാറില്ല, അതിന് ഒരു കാരണമുണ്ട്: ഡോണൾഡ് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍∙ പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രായാധിക്യം മൂലം യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമോ? വിഷയത്തില്‍ യുഎസില്‍ അനിശ്ചിതത്വം തുടരുകയാണെങ്കിലും ബൈഡന്‍ മാറില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളുണ്ട്, യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം പരസ്യമായി പറയാനും ട്രംപ് മടികാണിക്കുന്നില്ല എന്നതാണ് വസ്തുത. ട്രംപ് പറയുന്നത് ബൈഡന്‍ പിന്മാറുന്നതിന് ആഗ്രഹിക്കുന്നില്ലെന്നാണ്. നിര്‍ബന്ധിച്ചു മാറ്റാന്‍ ഡെമോക്രാറ്റുകൾക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കുന്നതിനുള്ള ശ്രമം ജോ ബൈഡന്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡോണൾഡ് ട്രംപ് ചിന്തിക്കാന്‍ കാരണവുമുണ്ട്. 'ബൈഡന്‍റെ ഈഗോ'. ഈഗോ വിട്ടൊരു കളിക്കും യുഎസ് പ്രസിഡന്‍റ് തയാറാകില്ലെന്നും ട്രംപ് വിലയിരുത്തുന്നു. ഫോക്‌സ് ന്യൂസ് അവതാരക സീന്‍ ഹാനിറ്റിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
പ്രസിഡന്‍റിന് തന്‍റെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ വൈസ് പ്രസിഡന്‍റിനെയും കാബിനറ്റ് അംഗങ്ങളെയും പ്രാപ്തരാക്കുന്ന ഒരു ഭരണഘടനാ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ ഇനിയുള്ള മാര്‍ഗം. ഇതല്ലാതെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. അദ്ദേഹത്തിന് എല്ലാ ശക്തിയും ഉണ്ട്. അദ്ദേഹത്തിന് പ്രതിനിധികളുണ്ട്. അദ്ദേഹം പുറത്തുപോകേണ്ടതില്ല.
ബൈഡന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു.അത് അവരാകുമെന്ന് ഞാന്‍ കരുതുന്നു. കമലയല്ലെങ്കില്‍ വോട്ടിനെക്കുറിച്ച് അവര്‍ വളരെ ആശങ്കാകുലരാണെന്ന് ഞാന്‍ കരുതുന്നുതായി ട്രംപ് പറഞ്ഞു.
''ഈ മത്സരത്തില്‍ അവസാനം വരെ പൊരുതാനും ഡോണൾഡ് ട്രംപിനെ തോല്‍പ്പിക്കാനും'' താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ക്ക് എഴുതിയ കത്തില്‍ ബൈഡന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ആറ് ഡെമോക്രാറ്റുകള്‍ ഇതുവരെ ബൈഡനോട് ചര്‍ച്ചയ്ക്ക് ശേഷം മാറിനില്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. സംവാദത്തിനിടെ ബൈഡന് വാക്കുകൾ ഇടറുകയും ഓര്‍മ്മശക്തി നഷ്ടപ്പെട്ടതു പോലെ പെരുമാറുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറും ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസും പ്രസിഡന്‍റിനുള്ള പിന്തുണ ആവര്‍ത്തിച്ചു. ഡെമോക്രാറ്റിക് ഉന്നതരെ നിലനിര്‍ത്താന്‍ ബൈഡന് ഇതുവരെ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ബൈഡനുമായുള്ള സംവാദത്തെക്കുറിച്ച് ട്രംപ് ആദ്യമായി പ്രതികരിക്കുകയും ചെയ്തു. ‘‘വിചിത്രമായ സായാഹ്നം. അദ്ദേഹത്തിന്‍റെ ശബ്ദം ദുര്‍ബലമാണെന്ന് ഞാന്‍ കരുതി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല.'' - ട്രംപ് കൂട്ടിച്ചേർത്തു.