ADVERTISEMENT

പരിചയപ്പെട്ടവർക്കെല്ലാം പ്രിയപ്പെട്ടവനായി മാറുക എന്നത് അപൂർവ്വമായ ഒരു കാര്യമാണ്, പ്രത്യേകിച്ചും ഇന്ന് നാം ജീവിക്കുന്ന ഈ മത, രാഷ്ട്രീയ, സാമൂഹിക വിഭജനങ്ങളുടെ കാലഘട്ടത്തിൽ. അവിടെയാണ് സുനു ഏബ്രഹാം വ്യത്യസ്തനായത്. രണ്ടു ദിവസത്തോളം, അദ്ദേഹം തിരിച്ചുവരുമെന്നും ഒരു അത്ഭുതം സംഭവിക്കുമെന്നും പ്രതീക്ഷിച്ച്, നിറഞ്ഞ ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ച് ആയിരക്കണക്കിന് ആളുകൾ പ്രാർഥനയോടെ കാത്തിരുന്നു.

സുനുവിനെ പരിചയപ്പെട്ട എല്ലാവരും ഓർക്കുന്നത് അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതശൈലി, മാന്യമായ പെരുമാറ്റം, പ്രസന്നമായ മുഖഭാവം, ആത്മാർത്ഥത നിറഞ്ഞ ഇടപെടൽ എന്നിവയാണ്. ഈ ഗുണങ്ങളെല്ലാം ചേർന്നാണ് ഓരോരുത്തരുടെയും മനസ്സിൽ സുനുവിന് ഒരു പ്രത്യേക സ്ഥാനം നേടി കൊടുത്തത്. അതുകൊണ്ടാണ് ഇന്ന് സമൂഹ മാധ്യമത്തിൽ സുനുവിന്‍റെ ഓർമ നിറഞ്ഞു നിൽക്കുന്നത്.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിന്‍റെ അംബാസഡർ എന്ന പദവി സുനു സ്വയം ഏറ്റെടുത്തതാണ്. കോളജിന്‍റെ ആദ്യ ബാച്ച് തൊട്ട് ഇപ്പോൾ പഠിക്കുന്ന കുട്ടികൾ വരെ സുനുവിന്‍റെ സുഹൃത്തുക്കളിൽ ഉൾപ്പെടുന്നു. എന്‍റെയും സൻജേഷിന്‍റേയും സീനിയറായിരുന്നു സുനു. രാഷ്ട്രീയമാണ് ഞങ്ങളെ അടുപ്പിച്ചത്. വ്യക്തമായ രാഷ്ട്രീയാനുഭാവം ഉണ്ടായിരുന്നെങ്കിലും സുനുവിന്‍റെ സൗഹൃദങ്ങൾക്കു അതൊന്നും അതിർവരമ്പുകൾ സൃഷ്ടിച്ചില്ല. പെൺകുട്ടികൾക്ക് നല്ലൊരു ചേട്ടനായിരുന്നു സുനു. കമന്‍റടിക്കാത്ത, റാഗിങ് ചെയ്യാത്ത,സീനിയർ ജാഡകൾ ഒന്നുമില്ലാത്ത മാന്യനായ ഒരു ആറടിക്കാരൻ.

sunu-ma-passed-away

ആർട്സ് ഫെസ്റ്റിവലിനും ഇലക്ഷൻ സമയത്തും ഒക്കെ പ്രത്യേക തീമുകളിൽ ടീഷർട്ടുകൾ, ആർട്സ് ഫെസ്റ്റിവൽ വിഡിയോസ് പ്രൊഡക്ഷൻ, ബസ് സ്റ്റാൻഡിൽ ടിവി വഴി അഡ്വെർടൈസ്‌മെന്‍റ്സ് എന്നിവ സുനുവിന്‍റെ സർഗ്ഗാത്മകതയുടെ ഉദാഹരണങ്ങളാണ്. ഈ ആശയങ്ങളെല്ലാം കോളജ് ജീവിതത്തെ കൂടുതൽ സജീവവും രസകരവുമാക്കി മാറ്റി. പിന്നീട് ജീവിതത്തിൽ തന്‍റെ ബിസിനസിൽ വിജയിക്കുവാൻ ഈ സർഗ്ഗാത്മകത സുനുവിനെ സഹായിച്ചു.

യാത്രകൾക്കും ജീവിതത്തിന്‍റെ മറ്റു തിരക്കുകൾക്കിടയിലും സുഹൃത്തുക്കൾക്ക് വേണ്ടി സമയം കണ്ടെത്തുക എന്നത് സുനുവിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്‍റെ എഴുത്തിനെ ഏറ്റവും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയും ചെയ്തിരുന്നത് സുനുവായിരുന്നു. എന്‍റെ പുസ്തകം പുറത്തിറങ്ങിയപ്പോൾ മീഡിയ പ്രൊമോഷനും മാർക്കറ്റിങ്ങും സുനു സ്വയം ഏറ്റെടുത്ത് നടത്തി. അമേരിക്കയിലേക്കുള്ള ബിസിനസ് യാത്രകൾക്കിടയിൽ പലതവണ ഞങ്ങളുടെ വീട്ടിൽ താമസിച്ചു. ഞങ്ങളുടെ നായ്ക്കുട്ടി കൊക്കോയുമായി സുനുവിന് നല്ല ബന്ധമായിരുന്നു. ഓരോ ഫോൺ വിളിയിലും എന്‍റെ മകളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനൊപ്പം കൊക്കോയുടെ കാര്യങ്ങളും ചോദിച്ചറിഞ്ഞു. കഴിഞ്ഞ വർഷം കൊക്കോ മരിച്ചപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയ ആദ്യം വിളികളിലൊന്ന്  സുനുവിന്‍റെയായിരുന്നു.

ജീവിതത്തെ ലളിതമായി കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സുനു. മത്സരയോട്ടങ്ങളിൽ നിന്ന് മാറി തന്‍റേതായ വഴിയിലൂടെ സുനു മുന്നോട്ട് പോയി. സുനുവിന്‍റെ സംഭാഷണങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് മനുഷ്യരായിരുന്നു. പലയിടങ്ങളിൽ വെച്ച് സുനു പരിചയപ്പെട്ടിട്ടുള്ള ആളുകളെക്കുറിച്ച് ഒരു വാക്കുപോലും മോശമായി പറഞ്ഞു കേട്ടിട്ടില്ല. എല്ലാവരുടെയും നന്മ മാത്രം കാണാൻ ഒരാൾക്ക് എങ്ങനെ കഴിയും എന്ന് ഞങ്ങൾ പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്.

ഇന്ന് സുനു നമ്മിൽ നിന്ന് യാത്രയാകുമ്പോൾ നമ്മളെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ആത്മാർഥതയോടെയും സ്നേഹത്തോടെയും മുൻവിധികളില്ലാതെയും ചുറ്റുമുള്ളവരുമായി ഇടപെടുക. സൗഹൃദം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്.

നൂറുകണക്കിന് ആളുകളുടെ മനസ്സിൽ സെലിബ്രിറ്റി പദവി നേടിയ ഞങ്ങളുടെ പ്രിയ കൂട്ടുകാരന് നിറകണ്ണുകളോടെ വിട.
 “പിന്നെക്കാണാമെടാ ഉവ്വേ” എന്ന് പറഞ്ഞു പുതിയ ഒരു ലോകത്തേക്ക് തലയുയർത്തി യാത്രയാകുന്ന സുനുവിന് യാത്രാമംഗളങ്ങൾ.

English Summary:

Sunu's simplicity, dignity, warmth, and sincerity touched everyone. He holds a special place in hearts, making social media a tribute to him today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com