ബൈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് നിയമ കുരുക്കിലായേക്കുമെന്ന് സ്പീക്കർ ജോൺസൺ
Mail This Article
വാഷിങ്‌ടൻ ∙ പ്രസിഡന്‍റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നു അറിയിച്ചതിനെ തുടർന്ന് അമേരിക്കൻ രാഷ്ട്രീയം കൂടുതൽ സങ്കീർണം ആവുകയാണ്. വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ തനിക്കു പകരം ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി ശുപാർശ ചെയ്ത ശേഷമാണ് പ്രസിഡന്‍റ് ജോ ബൈഡൻ പടിയറിങ്ങുന്നത്.
എന്നാൽ അമേരിക്കയിൽ സ്ഥാനം ഒഴിയുന്ന പ്രസിഡന്‍റിന് ആരായിരിക്കണം പിൻഗാമിയെന്ന് ശുപാർശ ചെയ്യാൻ ആവില്ല എന്ന് നിയമ വിദഗ്ധർ പറഞ്ഞു. ബൈഡൻ താൻ പ്രചാരണത്തിന് വേണ്ടി സംഭരിച്ചതിൽ മിച്ചം ഉള്ള 100 മില്യൻ ഡോളറും ഹാരിസിന് നൽകുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷെ സംഭാവന നൽകിയ ചിലർ ഇതിനെ എതിർത്ത് മുൻപോട്ടു വന്നു. തങ്ങൾ ബൈഡനാണ് പണം നൽകിയത്, ഹാരിസിനല്ല എന്നാണ് അവരുടെ വാദം.
പ്രസിഡന്‍റിന് കർത്തവ്യങ്ങൾ നിർവഹിക്കുവാൻ കഴിവില്ലെങ്കിൽ പ്രസിഡന്‍റിനെ പുറത്താക്കുവാൻ ഭരണഘടനാ നിർദേശങ്ങളുണ്ട്. പ്രചാരണവുമായി തനിക്കു മുൻപോട്ടു പോകാൻ കഴിയില്ല എന്ന് പറഞ്ഞു ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതിനാൽ പ്രസിഡന്‍റിന്‍റെ ചുമതല നിർവ്വഹിക്കുവാനും ബൈഡൻ അപ്രാപ്യനാണ്, അക്കാരണത്താൽ ബൈഡൻ രാജി വയ്ക്കണമെന്ന് യു എസ് സ്പീക്കർ മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ) ആവശ്യപ്പെട്ടു. ബൈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടും നിയമ കുരുക്കിലാകാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു.
ഡമോക്രാറ്റിക് പാർട്ടി നാഷനൽ കൺവെൻഷനിലേക്കു നീങ്ങുമ്പോൾ മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രശ്നങ്ങളെയാണ് നേരിടുന്നത്. 1952 ൽ ഐസെൻഹോവർ, 1962 ൽ ബാരി ഗോൾഡ്‌വാട്ടർ, 1976 ൽ ജറാൾഡ് ഫോർഡ്, എന്നിവരുടെ പ്രശ്നങ്ങൾ പലരും ഓർമ്മിപ്പിക്കുന്നു. കൺവെൻഷനിൽ 3788 പ്ലെഡ്ജ്ഡ് ഡെലിഗേറ്റസും 744 ഓട്ടോമാറ്റിക് ഡെലിഗേറ്റും ഉണ്ടാകും. (ഇവരെ സൂപ്പർ ഡെലിഗേറ്റ്സ്) എന്നും വിളിക്കുന്നു. നോമിനേഷൻ നേടാൻ 1895 ഡെലിഗേറ്റുകളുടെ പിന്തുണ വേണം. കൺവെൻഷനിൽ ഒരു മത്സരം വേണ്ടി വന്നാൽ സൂപ്പർ ഡെലിഗേറ്റസുകളുടെയും വോട്ടുകൾക്ക് വില ഉണ്ടാകും.
അപ്പോൾ നോമിനി ആകാൻ 2348 വോട്ടുകൾ വേണ്ടി വരും. കൺവെൻഷൻ ഓപ്പൺ ആയിരിക്കണമെന്നും നോമിനിയെ കണ്ടെസ്റ്റഡ് ആയി തിരഞ്ഞെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ബ്രോകേർഡ് കൺവെൻഷൻ വേണം എന്നതാണ് മറ്റൊരു ഡിമാൻഡ്. അതനുസരിച്ചാണെങ്കിൽ ഓരോ ഡെലിഗേറ്റിനും തങ്ങളുടെ നോമിനിയുടെ പേര് എഴുതി നൽകാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആളിന് നോമിനേഷൻ ലഭിക്കും. കടമ്പകൾ എല്ലാം മറികടന്നു നോമിനേഷൻ നേടാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഹാരിസ് ക്യാംപ്. കഴിഞ്ഞ രണ്ടാഴ്ച്ചകളായി ഹാരിസ് തീവ്ര പ്രചാരണത്തിലാണ്. എന്നാൽ അവരാണ് തന്‍റെ എതിരാളി എങ്കിൽ തനിക്കു നിഷ്പ്രയാസം വിജയിക്കുവാൻ കഴിയും എന്ന് ട്രംപ് പറഞ്ഞു. ഇത് ഒരു പക്ഷെ അമിത ആത്മവിശ്വാസമാകാം.