കമല ഹാരസിന് പിന്തുണയുമായി ഏഷ്യൻ വംശജർ; പ്രചാരണത്തിൽ സജീവം
Mail This Article
ന്യൂയോർക്ക് ∙ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞതിനെ തുടർന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് പിന്തുണയുമായി ഏഷ്യൻ അമേരിക്കൻ വനിതാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ഡോണൾഡ് ട്രംപിനെ നേരിടാൻ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയായി കമല ഹാരിസിനെ വിശേഷിപ്പിച്ചാണ് ഇവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിത്തം വഹിക്കുന്നത്.
ഏഷ്യൻ വംശജരുടെ വോട്ട് നേടുന്നതിൽ കമല നിർണായക സ്വാധീനം ചെലത്തുമെന്നാണ് കരുതപ്പെടുന്നത്. കമലയെ പിന്തുണയ്ക്കുന്നതിന് കാരണം ബൈഡൻ-ഹാരിസ് ഭരണകൂടം കൈവരിച്ച പുരോഗതി തങ്ങളുടെ സമൂഹത്തിന് പ്രയോജനകരമായിയെന്ന് എഎപിഐ കോൺഗ്രസ്ഷനൽ കോക്കസിന്‍റെ രാഷ്ട്രീയ വിഭാഗത്തിന്‍റെ അധ്യക്ഷനായ മെങ് പറഞ്ഞു.
ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ വംശജരായ വനിതകളുടെ നേതൃത്വത്തിൽ വെർച്വൽ കോളിലൂടെ കമലയുടെ പ്രചാരണത്തിനായി 100,000 ഡോളറിലധികം സംഭാവനയായി സമാഹരിച്ചു. പരിപാടിയിൽ പ്രതിനിധികളായ ഗ്രേസ് മെങ്, ജൂഡി ചു, പ്രമീള ജയപാൽ, സെൻ മാസി ഹൊറോണോ എന്നിവരും ആക്ടിങ് ലേബർ സെക്രട്ടറി ജൂലി സു, അംബാസഡർ ചന്തലെ വോങ്, ഗർഭച്ഛിദ്രാവകാശ നേതാവ് മിനി തിമ്മരാജു എന്നിവർ സംസാരിച്ചു.