വയനാടിന് കൈത്താങ്ങായതില്‍ ഷിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് നന്ദി അറിയിച്ച് മോന്‍സ് ജോസഫ്
Mail This Article
ഷിക്കാഗോ ∙ വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അത്താണിയായി മാറുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറപ്പെടുവിക്കുകയും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത ഷിക്കാഗോ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതയ്ക്ക് കേരള നിയമസഭയുടെ നന്ദി അറിയിച്ചുകൊണ്ട് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഷിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിനെ ബിഷപ്സ് ഹൗസില്‍ സന്ദര്‍ശിച്ചു.
വയനാട് ദുരന്തഭൂമിയില്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയായ സഹോദരങ്ങളുടെ പുന:രധിവാസത്തിന് ഷിക്കാഗോ രൂപത ആത്മാര്‍ത്ഥമായി സഹകരിക്കും. കേരളത്തില്‍ മാനന്തവാടി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന സന്നദ്ധ സംഘടന മുഖാന്തിരം അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകള്‍ നിർമിച്ചുകൊടുക്കുന്ന ഭവനദാന പദ്ധതിയില്‍ പങ്കാളികളാകും.
സര്‍വ്വസവും നഷ്ടപ്പെട്ട വയനാട് ദുരന്തഭൂമിയിലെ സഹോദരങ്ങള്‍ക്ക് ജാതിമത ഭേദമെന്യേ പരമാവധി സഹായം ചെയ്യണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മാര്‍ ജോയി ആലപ്പാട്ടിനോട് അഭ്യർഥിച്ചു. ഭവനനിര്‍മാണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തില്‍ ചെയ്തു തരാനുള്ള വിവിധ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ എല്ലാവിധ സഹകരണവും ഷിക്കാഗോ രൂപതയ്ക്ക് ഉണ്ടായിരിക്കുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
രൂപതാ വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം, പ്രയത്ന ഡയറക്ടറും ഒക്യുപ്പേഷനല്‍ തെറാപ്പി അസോസിയേഷന്‍ ദേശീയ സ്വെട്ടറിയൂമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, ഫോമാ വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.