ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റിൽ അഗ്നിബാധ: മൂന്ന് കുട്ടികൾ മരിച്ചു
Mail This Article
ഹൂസ്റ്റൺ∙ തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ അഗ്നിബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരുക്കേറ്റു. മരിച്ചവർ അനിത (8), യൂലിസ(11), എവെലൻ (15) എന്നീ മൂന്ന് സഹോദരിമാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 21 വയസ്സുകാരനായ ഇവരുടെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 4 മണിയോടെ ജോലിക്ക് പോയതായി കുട്ടികളുടെ അമ്മ മെയ്ബിസ് എവെലെൻ സെലയ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ തീ പടർന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നാല് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും വളരെ വൈകിയെന്ന് അധികൃതർ പറയുന്നു.
ബിസോണറ്റ് സ്ട്രീറ്റിന് സമീപമുള്ള 8110 അൽബാകോറിലെ ഒരു കോണ്ടോമിനിയത്തിൽ പുലർച്ചെ 5:45 ഓടെയാണ് തീപിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു . അതുവഴി പോയ ഒരാൾ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ വിളിച്ചതാകാമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.