'നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വീസ'; വാഗ്ദാനവുമായ് യുഎസ് സ്റ്റാർട്ടപ്പ് സിഇഒ
Mail This Article
വാഷിങ്ടൻ ∙ പാരിസ് ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണമെഡൽ നേടിയാൽ എല്ലാവർക്കും സൗജന്യ വീസ നൽകുമെന്ന് അറ്റ്‌ലിസിന്റെ സിഇഒ മൊഹക് നഹ്ത. ഇന്ത്യൻ വംശജനായ മൊഹക് നഹ്ത ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റിലാണ് വീസ വാഗ്ദാനം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ വീസ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമാണ് അറ്റ്‌ലിസ്. അതിവേഗ യാത്രാ വീസകളും അനുബന്ധ സേവനങ്ങളും നൽകുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
മൊഹക് നഹ്ത ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. ഒളിംപിക്സിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസത്തേക്ക് സൗജന്യമായ് വീസ നൽകുമെന്നായിരുന്നു നഹ്ത അറിയിച്ചത്. നിമിഷങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിച്ച പോസ്റ്റിന് പിന്നാലെ വീസ വാഗ്ദാനവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചു.
അറ്റ്‌ലിസിന്റെ എല്ലാ ഉപയോക്താക്കൾക്കും ഒരു ദിവസത്തേക്ക് സൗജന്യ വീസ നൽകും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള ഏത് രാജ്യവും തിരഞ്ഞെടുക്കാം. ഇതിനായ് യാതൊരു വിധത്തിലുള്ള പണവും ഈടാക്കില്ല. സൗജന്യ വീസ ലഭിക്കുന്നതിനായ് പോസ്റ്റിന് താഴെ ഉപയോക്താക്കൾ അവരുടെ ഇമെയിൽ ഐഡി എഴുതിയിടണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 8 നാണ് നീരജ് ചോപ്ര മെഡലുകൾക്കായി മത്സരിക്കുന്നത്.