വൗച്ചറുകൾ ഉപയോഗിച്ച് 79000 ഡോളർ തട്ടിപ്പ്; സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാരൻ പിടിയിൽ
Mail This Article
ഡാലസ് ∙ വ്യാജ വിമാന വൗച്ചറുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഏജന്റ് പിടിയിൽ. സെന്റ് ലൂയിസ് ലാംബർട്ട് രാജ്യാന്തര വിമാനത്താവളത്തിലെ ഉപഭോക്തൃ സേവന ഏജന്റായ ബ്രൂക്ക്ലിൻ ജോൺസാണ് 79000 ഡോളർ വിലവരുന്ന വൗച്ചറുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി അച്ചടിച്ചത്.
യാത്രക്കാരുടെ പേരുകൾ ഉപയോഗിച്ചാണ് ഇയാൾ സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ യാത്രാ വൗച്ചറുകൾ അച്ചടിച്ചത്. ജോൺസിനെതിരെ പൊലീസ് മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. ജോൺസിന്റെ ലോക്കറിൽ നിന്ന് 36,300 ഡോളർ വിലവരുന്ന 119 യാത്രാ വൗച്ചറുകളാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ 2023 ഓഗസ്റ്റ് 1 നും 2023 സെപ്റ്റംബർ 23 നും ഇടയിൽ 79000 ഡോളർ വിലവരുന്ന വൗച്ചറുകൾ അച്ചടിച്ചതായ് ജോൺസ് കുറ്റസമ്മതം നടത്തി.
സൗത്ത് വെസ്റ്റ് അധികൃതരാണ് തട്ടിപ്പിന്റെ വിവരം എയർപോർട്ട് പൊലീസിനെ അറിയിച്ചത്. കേസിൽ വിചാരണ തുടരുകയാണ്. ഇതിനുമുമ്പ് സൗത്ത് വെസ്റ്റ് ജീവനക്കാരനായ ഡാജുവാൻ മാർട്ടിനും സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിമാന വൗച്ചറുകൾ ഉപയോഗിച്ച് ഏകദേശം 1.9 മില്യൻ ഡോളറിന്റെ തട്ടിപ്പാണ് മാർട്ടിൻ നടത്തിയത്. 20 വർഷം വരെ തടവും 250,000 ഡോളർ പിഴയുമാണ് ഇയാൾക്ക് ലഭിച്ചത്.